ദില്ലി: ചന്ദ്രയാൻ -3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ദൗത്യത്തിലെ അപൂർവ്വ ചിത്രങ്ങളും വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. റോവറിൽ നിന്നും ലാൻഡറിൽ നിന്നുമുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭ്യമായി. ചന്ദ്രോപരിതലത്തിൽ റോവർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ വ്യക്തമായി കാണുന്ന ആദ്യ ചിത്രങ്ങൾ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ദേശീയ ബഹിരാകാശ ദിനമായ നാളെ ഇസ്രെ പുറത്തുവിടും.
ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയിട്ട് നാളേക്ക് ഒരു വർഷം തികയുകയാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും വലിയ സാങ്കേതിക നേട്ടത്തിന്‍റെ വാർഷികം ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കാൻ പോകുകയാണ് രാജ്യം. ഈയവസരത്തില്‍ ചന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ വിജയഗാഥ വിശദമായി അറിയിക്കുകയാണ് ഐഎസ്ആര്‍ഒ. ദേശീയ ബഹിരാകാശ ദിനമായ നാളെ മുഴുവൻ വിവരങ്ങളും ഐഎസ്ആര്‍ഒ ഔദ്യോഗികമായി പുറത്തുവിടും. പേടകത്തിലെ ശാസ്ത്ര പഠന ഉപകരണങ്ങൾ ശേഖരിച്ച വിവരങ്ങളും പുറത്തുവിടുമെന്നാണ് വിവരം. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ദേശീയ ബഹിരാകാശ ദിന ആഘോഷച്ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുർമ്മു മുഖ്യാതിഥിയാകും.