കാട്ടുതീ: ഫെഡറല്‍ നിയന്ത്രണങ്ങള്‍ ജാസ്പര്‍ കമ്മ്യൂണിറ്റിയുടെ പുനര്‍നിര്‍മാണം വൈകിപ്പിച്ചേക്കുമെന്ന് ആശങ്ക 

By: 600002 On: Aug 22, 2024, 12:40 PM


കാട്ടുതീയെ തുടര്‍ന്ന് അഗ്നിക്കിരയായ ജാസ്പര്‍ കമ്മ്യൂണിറ്റിയുടെ പുനര്‍നിര്‍മാണം ഉടനുണ്ടാകില്ലെന്ന ആശങ്ക പങ്കുവെച്ച് ജാസ്പര്‍ നിവാസികള്‍. ഫെഡറല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പുനര്‍നിര്‍മാണം എളുപ്പത്തില്‍ സാധ്യമാക്കില്ലെന്ന് തീപിടുത്തത്തില്‍ വീടുകള്‍ നശിച്ചുപോയ കുടുംബങ്ങള്‍ ആശങ്കപ്പെടുന്നു. പുനര്‍നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തേക്കാമെന്ന് ഇവര്‍ വിലയിരുത്തുന്നു. തങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ഇടത്തിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹമെന്ന് നിവാസികള്‍ എല്ലാം ഉറച്ച സ്വരത്തില്‍ പറയുന്നു. എന്നാല്‍ പുനര്‍നിര്‍മാണ നടപടിക്രമങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങുമെന്ന പേടിയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. സങ്കീര്‍ണമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പുനര്‍നിര്‍മാണം വളരെ ദൈര്‍ഘ്യമേറിയതാക്കുമെന്ന് ഇവര്‍ പറയുന്നു.  

ജാസ്പര്‍ പട്ടണത്തിന്റെ മൂന്നിലൊന്ന് ഭാഗവും കാട്ടുതീയില്‍ നശിച്ചിരുന്നു. നിവാസികള്‍ക്ക് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ജാസ്പറിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരുന്നു. പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും നശിച്ചു. ചരിത്രപരമായ പട്ടണത്തിന്റെ പുനര്‍നിര്‍മാണമാണ് എല്ലാവരുടെയും ആവശ്യം. അതിനായി ഒന്നുകില്‍ ജാസ്പറിന്റെ പ്രോപ്പര്‍ട്ടി റെഗുലേഷന്‍സ് മാറ്റണമെന്നും അല്ലെങ്കില്‍ ടൗണ്‍സൈറ്റ് പുനര്‍നിര്‍മാണം ഏറ്റെടുക്കാന്‍ മുനിസിപ്പാലിറ്റിയെ അനുവദിക്കണമെന്നുമാണ് താമസക്കാരുടെ ആവശ്യം.