സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടു; എംഡിഎച്ച്, എവറസ്റ്റ് കറി പൗഡര്‍ ബ്രാന്‍ഡുകള്‍ നിരോധിച്ച് വിദേശരാജ്യങ്ങള്‍

By: 600002 On: Aug 21, 2024, 11:44 AM

 

 

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളായ എംഡിഎച്ച്, എവറസ്റ്റ് എന്നീ രണ്ട് ജനപ്രിയ സ്‌പൈസ് ബ്രാന്‍ഡുകള്‍ വിദേശരാജ്യങ്ങളില്‍ സുരക്ഷാ പരിശോധനകളില്‍ പരാജയപ്പെട്ടു. ഇരു ബ്രാന്‍ഡുകളുടെയും കറി മസാലകളില്‍ എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഈ ഉല്‍പ്പന്നങ്ങള്‍ നേപ്പാള്‍, ബ്രിട്ടണ്‍, സിംഗപ്പൂര്‍, ഹോംങ്കോംഗ് എന്നീ രാജ്യങ്ങള്‍ നിരോധിച്ചു. അതേസമയം, ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതായി അമേരിക്കയും ഓസ്‌ട്രേലിയയും അറിയിച്ചു.  

നിലവില്‍ കനേഡിയന്‍ വിപണിയിലെ ഉല്‍പ്പന്നങ്ങളെ ഇപ്പോഴുന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ബാധിക്കുമെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിഎഫ്‌ഐഎ വ്യക്തമാക്കി. 

ഹോങ്കോംഗില്‍ ഫുഡ് സേഫ്റ്റി സെന്റര്‍ ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സിംഗപ്പൂരിലും ഫുഡ് റെഗുലേറ്റര്‍ ഇരു കമ്പനികളുടെയും ഉല്‍പ്പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു. എഥിലീന്‍ ഓക്‌സൈഡ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല. 

അതേസമയം, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ലെന്നും ഉപഭോഗത്തിന് സുരക്ഷിതമാണെന്നും ഇരു കമ്പനികളും പ്രതികരിച്ചിട്ടുണ്ട്.