ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സംഘര്‍ഷങ്ങളും ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായതായി കണക്കുകള്‍. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബംഗ്ലാദേശിലെ വിമാന സര്‍വീസുകളിലെ തടസങ്ങളും വിസ അനുവദിക്കുന്നതിലെ കുറവുമാണ് ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയെ ബാധിച്ചത്. വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിട്ടുണ്ടെങ്കിലും പകുതിയോളം സീറ്റുകളും കാലിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുമ്പ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഈ സാഹചര്യം കണക്കിലെടുത്ത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ബംഗ്ലാദേശില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുറം രാജ്യങ്ങളിലേക്ക് പോകുന്നവരില്‍ 45 ശതമാനം പേരും ഇന്ത്യയിലേക്കാണ് വരുന്നത്. ഇതില്‍ 80 ശതമാനം പേരും ചികിത്സയ്ക്കായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഷോപ്പിംഗിനും (15 ശതമാനം) അവധിക്കാലം ആസ്വദിക്കുന്നതിനും (5 ശതമാനം) എത്തുന്നവരാണ് ബാക്കിയുള്ളവര്‍. ഇതില്‍ ഷോപ്പിംഗിനായി എത്തുന്നവര്‍ ഭൂരിഭാഗവും സന്ദര്‍ശിക്കുന്നത് കൊല്‍ക്കത്തയാണ്. സിക്കിം, വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍, കശ്മീര്‍ എന്നിവയും ബംഗ്ലാദേശികളുടെ പ്രിയ ഇടങ്ങളാണ്. ഏറ്റവും കൂടുതൽ ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക് വരുന്നത് ദുർഗാ പൂജയിലും വിവാഹ സീസണിലുമാണ്.
2023ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബംഗ്ലാദേശുകാരുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനയുണ്ടായി. ഇക്കാലയളവിൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്നവരുടെ എണ്ണം 48 ശതമാനം ഉയർന്നു. കൊൽക്കത്ത, ചെന്നൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് പൊതുവെ ബംഗ്ലാദേശി രോഗികൾ എത്തുന്നത്. 9.23 ദശലക്ഷം വിദേശ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചത്. ഇതില്‍ 22.5 ശതമാനം പേരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. നിലവില്‍ ബംഗ്ലാദേശികള്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. കൃത്യമായ മെഡിക്കല്‍ ആവശ്യങ്ങളുള്ളവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കുന്നത്.