ഫ്ലോറിഡ: മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്‌തുക്കളുമായി റഷ്യയുടെ ആളില്ലാ പേടകം 'പ്രോഗ്രസ്സ് 89' കാര്‍ഗോ ഷിപ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സ്റ്റാര്‍ലൈനര്‍ യാത്രികരായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.
ഭൂമിയില്‍ നിന്ന് ഭക്ഷണം അടക്കമുള്ള മൂന്ന് ടണ്ണോളം സാധനങ്ങളുമായി റഷ്യയുടെ പ്രോഗ്രസ്സ് 89 സ്പേസ്‌ക്രാഫ്റ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ വിവരം നാസ സ്ഥിരീകരിച്ചു. ആളില്ലാ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക് ചെയ്‌തത് നാസ തത്സമയം സംപ്രേഷണം ചെയ്തു. ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ 418 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഓഗസ്റ്റ് 17ന് ഇരു ബഹിരാകാശ പേടകങ്ങളുടെയും ഡോക്കിംഗ് സംഭവിച്ചത്. നിലയത്തിലെ റഷ്യന്‍ നിര്‍മിത മൊഡ്യൂളായ സ്വെസ്ദയിലാണ് ഈ ആളില്ലാ പേടകം ഡോക് ചെയ്‌തിരിക്കുന്നത്. ഓഗസ്റ്റ് 14ന് റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസാണ് പ്രോഗസ് 89നെ കസാഖിസ്ഥാനിലെ ബയ്ക്കനൂർ കോസ്മോഡ്രോം വിക്ഷേപണതറയില്‍ നിന്ന് സോയൂസ് റോക്കറ്റില്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. ബഹിരാകാശ യാത്രയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്ഷേപണങ്ങൾ നടത്തിയ റോക്കറ്റാണ് സോയൂസ്. ലോകത്തെ ഏറ്റവും പഴയതും വലുതുമായ ബഹിരാകാശ വിക്ഷേപണകേന്ദ്രമാണ് ബയ്ക്കനൂർ കോസ്മോഡ്രോം.
പ്രോഗ്രസ്സ് 89 പേടകത്തില്‍ 1,201 കിലോഗ്രാം ഭക്ഷണപദാര്‍ഥങ്ങള്‍, 420 കിലോ വെള്ളം, 50 കിലോ നൈട്രജന്‍ എന്നിവ ഉള്‍പ്പെടുന്നു. ഏഴ് പേരുള്ള എക്‌സ്‌പെഡിഷന്‍ 71 ക്രൂവിന് ആവശ്യമായ വസ്‌തുക്കളാണിത്. ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവര്‍ക്കും ഈ വസ്‌തുക്കള്‍ സഹായകമാകും. വരുന്ന ആറ് മാസക്കാലം ഈ കാര്‍ഗോ ഷിപ്പ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്യപ്പെട്ട് കിടക്കും. ബഹിരാകാശ നിലയത്തിലെ അവശിഷ്ടങ്ങളുമായായിരിക്കും ഭൂമിയിലേക്ക് റഷ്യയുടെ ആളില്ലാ പേടകത്തിന്‍റെ മടക്കം.