ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പ്രദേശത്ത് കനത്ത വെള്ളപ്പൊക്കവും നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. റെക്കോര്‍ഡ് മഴയാണ് ജിടിഎയില്‍ രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 78 മില്ലിമീറ്റര്‍ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. ടൊറന്റോയില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നതായാണ് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിച്ചിരുന്നത്. എന്നാല്‍ ജിടിഎയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ട്രൂഡി കിഡ് പറഞ്ഞു.
ജിടിഎയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേംബ്രിഡ്ജിന് സമീപം ഒരു പട്ടണത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. അതേസമയം, മിസ്സിസാഗയിലെ റോഡുകള്‍ വെള്ളത്തിനടയിലായതായും വാഹനങ്ങള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയതായും നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
1991 മുതല്‍ 2020 വരെ ഓഗസ്റ്റ് മാസത്തില്‍ 68.5 മില്ലിമീറ്റര്‍ മഴയാണ് പ്രതിവര്‍ഷം ജിടിഎയില്‍ ലഭിച്ചിരുന്നതെന്നും എന്നാല്‍ ഒരു ദിവസം മാത്രം ഇതിലധികം മഴ പെയ്യുന്നത് ആദ്യമായാണെന്നും ട്രൂഡി കിഡ് പറഞ്ഞു.