ബ്രസീലിയ: എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് (പഴയ ട്വിറ്റര്‍) ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സെന്‍സര്‍ഷിപ്പ്, സ്വകാര്യത വിഷയങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍ സര്‍ക്കാരുമായി തുടരുന്ന നിയമ പോരാട്ടത്തിനിടെയാണ് മസ്‌കിന്‍റെ പ്രഖ്യാപനം. എക്‌സിലൂടെ തന്നെയാണ് മസ്‌ക് ഈ പ്രഖ്യാപനം നടത്തിയത്.
ബ്രസീലിലെ സെന്‍സര്‍ഷിപ്പിനെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് എക്‌സ് ലാറ്റിനമേരിക്കന്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നാണ് ഉടമ എലോണ്‍ മസ്‌കിന്‍റെ വിശദീകരണം. ബ്രസീല്‍ സുപ്രീംകോടതി ജഡ്ജി അലസ്‌കാഡ്രേ ഡി മോറേസിന് സ്വകാര്യ വിവരങ്ങള്‍ എക്‌സ് കൈമാറണമെന്ന നിര്‍ദേശവും ഇതിന് കാരണമായതായി എക്‌സ് വാദിക്കുന്നു. 'ബ്രസീലിലെ എക്‌സ് ഓഫീസ് പൂട്ടുന്നത് വലിയ വിഷമമുണ്ടാക്കുന്ന തീരുമാനമാണ്. എന്നാല്‍ ലസ്‌കാഡ്രേ ഡി മോറേസിന്‍റെ നിഗൂഢ സെന്‍സര്‍ഷിപ്പിനും സ്വകാര്യ വിവരങ്ങള്‍ കൈമാറണമെന്ന ആവശ്യത്തിനും മുന്നില്‍ ഇതല്ലാതെ മറ്റ് വഴികളില്ല' എന്നും മസ്‌ക് ട്വീറ്റ് ചെയ്തു.
ബ്രസീലിലെ എല്ലാ ജോലിക്കാരെയും അടിയന്തരമായി പിന്‍വലിക്കുന്നതായി ശനിയാഴ്‌ചയാണ് എക്‌സ് അറിയിച്ചത്. എക്‌സിന്‍റെ അഭിഭാഷകരെ അറസ്റ്റ് ചെയ്യുമെന്ന് അലസ്‌കാഡ്രേ ഡി മോറേസ് ഭീഷണിപ്പെടുത്തിയതായി എക്‌സ് ആരോപിച്ചു. നിയമവ്യവസ്ഥയെ മാനിക്കുന്നതിന് പകരം ബ്രസീലിലെ ഞങ്ങളുടെ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് മൊറേസ് ശ്രമിച്ചത് എന്ന് എക്‌സ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. മോറേസ് നീതിക്ക് നാണക്കേടാണ് എന്ന് മസ്‌ക് ആഞ്ഞടിക്കുകയും ചെയ്തു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് എക്‌സിനും എലോണ്‍ മസ്‌കിനുമെതിരെ മോറേസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയെ പിന്തുണയ്ക്കുന്നവര്‍ അടക്കമുള്ളവരുടെ എക്‌സ് അക്കൗണ്ടുകള്‍ സസ്‌പെന്‍സ് ചെയ്യാന്‍ മോറേസ് നേരത്തെ ഉത്തരവിട്ടിരുന്നു.