ബെര്‍മുഡയില്‍ കരയിലേക്ക് കയറി ഏണെസ്റ്റോ ചുഴലിക്കാറ്റ്; ന്യൂഫൗണ്ട്‌ലാന്‍ഡില്‍ ആഞ്ഞുവീശാന്‍ സാധ്യത 

By: 600002 On: Aug 17, 2024, 12:26 PM


ഏണെസ്‌റ്റോ ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചെ ബെര്‍മുഡയില്‍ കാറ്റഗറി 2 ചുഴലിക്കാറ്റായി കരയിലേക്ക് കയറിയതായി കാലാവസ്ഥാ നിരീക്ഷകര്‍. ഇത് അറ്റ്‌ലാന്റിക് കാനഡയില്‍ ന്യൂഫൗണ്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന. പ്യൂര്‍ട്ടോറിക്കോയെയും ലെസ്സര്‍ ആന്റിലീസിനെയും ചുഴലിക്കാറ്റ് ബാധിച്ചതിന് ശേഷമാണ് കാനഡയിലേക്കുള്ള സഞ്ചാരം. വെള്ളപ്പൊക്കവും ശക്തമായ കാറ്റും മൂലം പ്യൂര്‍ട്ടോറിക്കയില്‍ കനത്ത നാശമാണ് ഏണെസ്‌റ്റോ വരുത്തിവെച്ചത്. 

ഏണെസ്‌റ്റോ യുഎസ് ഈസ്റ്റ്‌കോസ്റ്റില്‍ നിന്ന് വളരെ അകലെയായി തുടരുമെങ്കിലും കടല്‍ക്ഷോഭമുണ്ടാകുന്നതിനാല്‍ ബീച്ചില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ബെര്‍മുഡയില്‍ നിന്ന് പതുക്കെ നീങ്ങുന്ന ഏണെസ്റ്റോ അതിന്റെ കേന്ദ്രത്തില്‍ നിന്നും 70 മൈല്‍ വരെ എത്തുന്നുണ്ട്. ബെര്‍മുഡ ദ്വീപസമൂഹത്തില്‍ മണിക്കൂറില്‍ 80 മൈലിലധികം വേഗതയില്‍ കാറ്റ് വീശുന്നുണ്ട്. 

ബെര്‍മുഡയില്‍ നിന്നും അകലുന്ന ഏണെസ്റ്റോ ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറുന്നതിനാല്‍ തീരത്ത് കാറ്റും മഴയും ഉണ്ടാകാനിടയാക്കും. സൗത്ത്ഈസ്റ്റ് ന്യൂഫൗണ്ട്‌ലാന്‍ഡില്‍ തിങ്കളാഴ്ചയോടെ ഏണെസ്‌റ്റോ എത്തും. നോവസ്‌കോഷ്യയുടെ തീരപ്രദേശങ്ങളിലും ആഞ്ഞുവീശുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച പകലും രാത്രിയും പ്രവിശ്യയില്‍ കനത്ത മഴയ്ക്ക് കാരണമാകും. ഞായറാഴ്ച അവസാനത്തോടെ ന്യൂഫൗണ്ട്‌ലാന്‍ഡിന്റെ തെക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് കാരണമാകുമെന്നും ഏജന്‍സി അറിയിച്ചു. കടല്‍ത്തീരങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.