ഫ്രഞ്ചില്‍ പ്രാവീണ്യമുള്ള രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പ്രോഗ്രാം പ്രഖ്യാപിച്ച് കാനഡ 

By: 600002 On: Aug 16, 2024, 6:35 PM

 

കാനഡയിലുടനീളം ഫ്രഞ്ച് സംസാരിക്കുന്ന കമ്മ്യൂണിറ്റികളിലേക്ക് കൂടുതല്‍ രാജ്യാന്തര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി ഫ്രാങ്കോഫോണ്‍ മൈനോറിറ്റി കമ്മ്യൂണിറ്റീസ് സ്റ്റുഡന്റ് പൈലറ്റ്(FMCSP) പ്രോഗ്രാം ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26 ന് പൈലറ്റ് പ്രോഗ്രാം ആരംഭിക്കും. ആദ്യ വര്‍ഷം 2,300 വിദ്യാര്‍ത്ഥികളെ ആയിരിക്കും സ്വീകരിക്കുക. ഐആര്‍സിസിയുടെ ഈ പുതിയ പൈലറ്റ് പ്രോഗ്രാമിന് കീഴില്‍ ഫ്രാങ്കോഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക താമസത്തിന്റെ അവസാനം സ്ഥിര താമസ പദവി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പങ്കാളികളെയോ പൊതുനിയമ പങ്കാളികളെയോ ആശ്രിതരായ കുട്ടികളെയോ കൂടെ കൊണ്ടുവരാന്‍ അനുവാദമുണ്ട്. പങ്കാളികള്‍ക്കും, പൊതുനിമയ പങ്കാളികള്‍ക്കും സന്ദര്‍ശക വീസ, ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് അല്ലെങ്കില്‍ സ്റ്റഡി പെര്‍മിറ്റ് എന്നിവയ്ക്ക് അര്‍ഹതയുണ്ട്. കൂടാതെ കാനഡയുടെ രാജ്യാന്തര വിദ്യാര്‍ത്ഥി പ്രോഗ്രാമിലെ സമീപകാല മാറ്റങ്ങളില്‍ നിന്ന് ഈ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്.