ഒന്റാരിയോയില്‍ വിന്റര്‍ സീസണ്‍ കനക്കുമെന്ന് ഫാര്‍മേഴ്‌സ് അല്‍മനാക്കിന്റെ പ്രവചനം. മഞ്ഞും മഴയും ചുഴലിക്കാറ്റും ഒന്നിച്ചുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. താപനില ഏറ്റവും താഴ്ന്ന നിലയില്‍ എത്തുമെന്നും പ്രവചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലാ നിന പ്രതിഭാസമാണ് ശൈത്യകാലം കഠിനമാക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ലാ നിന പ്രതിഭാസം റോക്കീസിന്റെ കിഴക്ക് മുതല്‍ ഒന്റാരിയോ വരെ കാനഡയുടെ മൂന്നില്‍ രണ്ട് ഭാഗത്തും ശരാശരിയിലും താഴെ താപനില ഉണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.
ഡിസംബര്‍ 21 മുതല്‍ കാനഡയില്‍ ശൈത്യകാലത്തിന് തുടക്കമാകുമെന്നാണ് പ്രവചനം. ജനുവരി അവസാന വാരം മുതല്‍ ഫെബ്രുവരി ആരംഭം വരെ പ്രയറീസ് മുതല്‍ ഗ്രേറ്റ് ലേക്‌സ് മേഖല വരെ താപനില ഏറ്റവും കുറയാന്‍ ഇടയാക്കും. മഞ്ഞും മഴയും ഒന്റാരിയോയില്‍ ശൈത്യകാലം ബുദ്ധിമുട്ടേറിയതാക്കുമെന്നാണ് പ്രവചനം. ഇതോടൊപ്പം കിഴക്കന്‍ പ്രദേശങ്ങളില്‍ ജനുവരി 20 മുതല്‍ 23 വരെയും 24 മുതല്‍ 27 വരെയും കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.