പെറ്റോങ്താർ ഷിനവത്ര തായ്ലാൻഡിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി, 24 മണിക്കൂർ നീണ്ട നാടകീയതയ്ക്ക് അവസാനം

By: 600007 On: Aug 16, 2024, 12:42 PM

 

ബാങ്കോക്ക്: തായ്ലാന്ഡിൽ ശതകോടീശ്വരനും മുൻപ്രധാനമന്ത്രിയുമായ താക്സിൻ ഷിനവത്രയുടെ മകൾ പ്രധാനമന്ത്രിയാകും. 37കാരിയായ പെറ്റോങ്താർ ഷിനവത്ര രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന നേട്ടത്തോടെയാണ് സുപ്രധാന പദവിയിലേക്ക് എത്തുന്നത്. 24 മണിക്കൂർ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് പെറ്റോങ്താർ ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്ക്ജനപ്രതിനിധികളുടെ പിന്തുണ ഉറപ്പിച്ചത്. 

ഫ്യു തായ് പാർട്ടിയുടെ നിലവിലെ നേതാവാണ് പെറ്റോങ്താർ. ഷിനവത്ര രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഇവർ. മുൻപ്രധാനമന്ത്രിയായ താക്സിൻ ഷിനവത്രയുടെ മൂന്ന് മക്കളിൽ ഇളയ ആളാണ് പെറ്റോങ്താർ. 2006ൽ അട്ടിമറിയിലൂടെ പുറത്തായെങ്കിലും തായ്ലാൻഡിൽ ശക്തമായ രാഷ്ട്രീയ സാന്നിധ്യമാണ് താക്സിൻ ഷിനവത്ര. ഷിനവത്ര കുടുംബത്തിൽ നിന്നും പ്രധാനമന്ത്രി ആകുന്ന നാലാമത്തെ വ്യക്തിയാണ് പെറ്റോങ്താർ. തായ്ലാൻഡിന്റെ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് പെറ്റോങ്താർ. രാജ്യം വലിയ രീതിയിലുള്ള രാഷ്ട്രീയ അസ്ഥിരാവസ്ഥയിൽ നിൽക്കുമ്പോഴാണ് പെറ്റോങ്താർ ഭരണ പശ്ചാത്തലം തീരെയില്ലാത്ത ഷിനവത്ര തായ്ലാൻഡിലെ പ്രധാനമന്ത്രിയാവുന്നത്. 

15 വർഷത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷം കഴിഞ്ഞ വർഷമാണ് താക്സിൻ ഷിനവത്ര തായ്ലാൻഡിലേക്ക് തിരികെ എത്തിയത്. വിവാദപരമായ നടപടികൾക്ക് ശേഷമായിരുന്നു ഈ തിരിച്ച് വരവ്. മുൻ എതിരാളികളുമായുള്ള ധാരണ നേരത്തെ താക്സിൻ ഷിനവത്രയെ പിന്തുണച്ച വോട്ടർമാരെ വഞ്ചിക്കുകയാണെന്ന് വലിയ രീതിയിൽ ആരോപണം ഉയർന്നിരുന്നു. 

നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ  മന്ത്രിസഭയിൽ നിയമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സെറ്റ താവിസിനെ കോടതി പുറത്താക്കിയിരുന്നു. ഭരണഘടനാ ലംഘനം ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മൂവ് ഫോർവേഡ് പാർട്ടി പിരിച്ച് വിടുകയും പാർട്ടി നേതാക്കൾക്ക് 10 വർഷത്തേക്ക് മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോടതി പ്രധാനമന്ത്രിയെ പുറത്താക്കിയത്. 16 വർഷത്തിനുള്ളിൽ കോടതി ഇടപെടലിൽ പുറത്താവുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് സെറ്റ. റിയൽ എസ്റ്റേറ്റ് രംഗത്ത് നിന്നാണ്  സെറ്റ രാഷ്ട്രീയത്തിലേക്ക് എത്തിയത്.