100,000 ഡോളറും ജിം അംഗത്വവും വാഗ്ദാനം; ഡോക്ടര്‍മാരെ ആകര്‍ഷിക്കാന്‍ വന്‍ പദ്ധതികളുമായി ചെറു കനേഡിയന്‍ കമ്മ്യൂണിറ്റികള്‍ 

By: 600002 On: Aug 16, 2024, 12:07 PM

 


ഫാമിലി ഡോക്ടര്‍മാരുടെ അഭാവം കാനഡയിലെ കമ്മ്യൂണിറ്റികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരമായി ഡോക്ടര്‍മാരെ ആകര്‍ഷിക്കാനായി നിരവധി വാഗ്ദാനങ്ങളാണ് മുനിസിപ്പാലിറ്റികളാണ് നല്‍കുന്നത്. ചില കമ്മ്യൂണിറ്റികള്‍ ഡോക്ടര്‍മാര്‍ക്ക് 100,000 ഡോളര്‍ മുതല്‍ ജിം അംഗത്വം വരെ വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയില്‍ ആറ് മില്യണിലധികം ആളുകള്‍ക്ക് പ്രൈമറി കെയര്‍ ഫിസിഷ്യന്മാരുടെ സേവനം ലഭ്യമാകുന്നില്ലെന്നാണ് കണക്കുകള്‍. ആളുകളുടെ ആരോഗ്യ സ്ഥിതി മോശമാകാന്‍ ഇത് കാരണമാകും. ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കാനും ഡോക്ടര്‍മാരുടെ കുറവ് കാരണമാകുന്നു. പ്രധാന നഗര കേന്ദ്രങ്ങള്‍ക്ക് പുറത്ത് ഈ പ്രശ്‌നം ഗുരുതരമാണ്. 

ഒന്റാരിയോയിലെ ട്രെന്‍ന്റണില്‍ ഡോക്‌സ് ബൈ ദ ബേ എന്ന ഫിസിഷ്യന്‍ റിക്രൂട്ട്‌മെന്റ് പ്രോഗ്രാം വഴി ഏരിയയില്‍ ഫുള്‍ ടൈം ഫാമിലി പ്രാക്ടീസിന് താല്‍പ്പര്യമുള്ള പുതിയ ഡോക്ടര്‍മാര്‍ക്കോ മെഡിക്കല്‍ റസിഡന്റ്‌സിനോ 100,000 ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇങ്ങനെ റിക്രൂട്ട് ചെയ്യുന്ന ഫിസിഷ്യന്മാര്‍ അഞ്ച് വര്‍ഷം മേഖലയില്‍ ജോലി ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആ മേഖലയിലേക്ക് 18 ഫാമിലി ഫിസിഷ്യന്മാരെ പ്രോഗ്രാം വഴി റിക്രൂട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍  വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമായി വരുമെന്നും കനേഡിയന്‍ സൊസൈറ്റി ഓഫ് ഫിസിഷ്യന്‍ റിക്രൂട്ട്‌മെന്റ് മുന്‍ ചെയര്‍ ആയിരുന്ന പൗല മേസണ്‍ പറഞ്ഞു. 

ഇത്തരത്തില്‍ നിരവധി കമ്മ്യൂണിറ്റികളില്‍ വിവിധ പദ്ധതികളിലൂടെ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് മുനിസിപ്പാലിറ്റികള്‍. അധിക തുക മാത്രമല്ല, ജിം മെമ്പര്‍ഷിപ്പ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് ഡോക്ടര്‍മാരെ ആകര്‍ഷിക്കുന്നത്.