ഉക്രെയ്‌നെ സഹായിക്കുന്ന യുഎസിലെ ഒരു ചാരിറ്റിക്ക് ഏകദേശം 52 ഡോളര്‍ സംഭാവന നല്‍കിയതിന്റെ പേരില്‍ യുഎസ്-റഷ്യന്‍ ഇരട്ടപൗരത്വമുള്ള യുവതിയെ റഷ്യന്‍ കോടതി 12 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സെനിയ ഖവാന എന്ന 33 വയസ്സുള്ള യുവതിയെയാണ് രാജ്യദ്രോഹകുറ്റം ചുമത്തി തടവിന് ശിക്ഷിച്ചത്. സെനിയ കരേലിന എന്ന് പേരുള്ള ഖവാനയെ ഫെബ്രുവരിയില്‍ യുറാല്‍ മൗണ്ടെയ്ന്‍സ് സിറ്റിയായ യെകാറ്റെറിന്‍ബര്‍ഗില്‍ വെച്ച് റഷ്യന്‍ അതോറിറ്റികള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ വിചാരണയില്‍ ഖവാന കുറ്റം സമ്മതിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
മുന്‍ ബാലെ നര്‍ത്തകിയായ ഖവാന അമേരിക്കന്‍ പൗരനെ വിവാഹം ചെയ്തതിന് ശേഷം ലോസ് ഏഞ്ചല്‍സിലേക്ക് പോവുകയും യുഎസ് പൗരത്വം നേടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കുടുംബത്തെ കാണാനായാണ് ഖവാന റഷ്യയിലേക്ക് പോയതായിരുന്നു. അവിടെവെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഖവാനയെ 15 ദിവസം ജയിലിലടച്ചിരുന്നു.
അതേസമയം, ഖവാനയ്ക്ക് ശിക്ഷ നല്‍കിയത് പ്രതികാരപരമായ ക്രൂരതയാണെന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഖവാനയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും കോണ്‍സുലര്‍ ആക്‌സസ് നേടുന്നതിനായി യുഎസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.