കാല്‍ഗറിയിലെ ആലിപ്പഴവര്‍ഷം: തകര്‍ന്ന വിമാനങ്ങള്‍ അറ്റകുറ്റപ്പണിയില്‍; ആഴ്ചകളോളം സര്‍വീസ് നടത്തില്ലെന്ന് വെസ്റ്റ്‌ജെറ്റ് 

By: 600002 On: Aug 15, 2024, 1:07 PM

 


കാല്‍ഗറിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വന്‍തോതിലുള്ള ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് തകരാറിലായ വിമാനങ്ങള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നത് വരെ സര്‍വീസ് നടത്തില്ലെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചു. ആഴ്ചകളോളം സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നാണ് എയര്‍ലൈന്‍ അറിയിക്കുന്നത്. ഇതോടെ നിരവധി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ആലിപ്പഴം വീഴ്ചയില്‍ പത്ത് ശതമാനത്തോളം വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി എയര്‍ലൈന്‍ അറിയിച്ചിരുന്നു. കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലും ശക്തമായ കാറ്റും മഴയും ആലിപ്പഴംവര്‍ഷവും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. 

600 സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. പ്രതിദിനം 50 ഓളം ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു. റദ്ദാക്കല്‍ 20,000 ല്‍ അധികം ഉപഭോക്താക്കളെയാണ് ബാധിച്ചത്. കേടുപറ്റിയ വിമാനങ്ങള്‍ പൂര്‍ണമായി അറ്റകുറ്റപ്പണികള്‍ നടത്തി കാര്യക്ഷമമാക്കിയതിന് ശേഷം ഘട്ടംഘട്ടമായി സര്‍വീസ് ആരംഭിക്കാനാണ് സാധിക്കുകയെന്നും എയര്‍ലൈന്‍ അറിയിച്ചു. 

അതേസമയം, ആലിപ്പഴവര്‍ഷത്തെ തുടര്‍ന്ന് വിമാനത്തിന്റെ കപ്പാസിറ്റി കുറഞ്ഞതിനാല്‍ ഹ്രസ്വകാലത്തേക്ക് വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.