2021 ല്‍ കാനഡയിലെ മരണങ്ങള്‍ കൂടുതലും കാന്‍സര്‍ മൂലമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്

By: 600002 On: Aug 15, 2024, 12:14 PM

 

 

2021 ല്‍ കാനഡയിലെ മരണങ്ങള്‍ കൂടുതലും കാന്‍സര്‍ മൂലമായിരുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍. ആ വര്‍ഷം മരണങ്ങളില്‍ നാലില്‍ ഒന്ന് കാന്‍സര്‍ ബാധിച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ ഹൃദ്രോഗമാണ് മരണകാരണം(17.7 ശതമാനം). 2024 ല്‍ 127,100 പുരുഷന്മാരും 120,000 സ്ത്രീകളും കാന്‍സര്‍ രോഗനിര്‍ണയം നടത്തുമെന്നാണ് കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി കണക്കാക്കുന്നത്. പുരുഷന്മാരിലെ പുതിയ കാന്‍സര്‍ കേസുകളില്‍ അഞ്ചിലൊന്ന് പ്രോസ്‌റ്റേറ്റ് കാന്‍സറാണെന്നാണ് കണക്കുകള്‍. 

ഈ വര്‍ഷം സ്ത്രീകളേക്കാള്‍(40,800) കൂടുതല്‍ പുരുഷന്മാര്‍(47,300) കാന്‍സര്‍ ബാധിച്ച് മരിക്കുമെന്നാണ് സൊസൈറ്റി പ്രവചിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുക ശ്വാസകോശ അര്‍ബുദമാണെന്നും സംഘടനയുടെ പ്രവചനത്തില്‍ വിശദീകരിക്കുന്നു. 

അതേസമയം, ആഗോളതലത്തില്‍ നടത്തിയ പഠനത്തില്‍ 2050 ഓടെ പുരുഷന്മാരില്‍ കാന്‍സര്‍ മരണങ്ങള്‍ ഗണ്യമായി ഉയരുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗബാധ 84 ശതമാനവും മരണങ്ങള്‍ 93 ശതമാനവും വര്‍ധിക്കുമെന്ന് മെഡിക്കല്‍ ജേണല്‍ കാന്‍സറില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. 185 രാജ്യങ്ങളില്‍ നിന്നുള്ള 30 തരം കാന്‍സറിനെക്കുറിച്ചും അതുമൂലമുള്ള മരണത്തെക്കുറിച്ചുമാണ് പഠനം നടത്തിയത്. 2022 ല്‍ പുരുഷന്മാരിലെ കാന്‍സര്‍ കേസുകള്‍ 10.3 മില്യണ്‍ ആയിരുന്നുവെങ്കില്‍ 2050 ആകുമ്പോഴേക്കും അത് 19 മില്യണ്‍ ആകുമെന്നാണ് ഗവേഷകരുടെ വാദം. അതായത് 84 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുക.