മനുഷ്യ വിസര്‍ജ്യം ഉപയോഗിച്ചുള്ള ഗുളികകള്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുമോ? പഠനവുമായി ആല്‍ബെര്‍ട്ടയിലെ ഗവേഷകര്‍ 

By: 600002 On: Aug 15, 2024, 10:53 AM

 


മാനസികരോഗങ്ങളായ മേജര്‍ ഡിപ്രഷന്‍ ഡിസോര്‍ഡര്‍(എംഡിഡി), ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍(OCD)  എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റേഷന്(എഫ്എംടി)കഴിയുമോ എന്ന് കണ്ടെത്താനുള്ള പഠനത്തിലാണ് കാല്‍ഗറി സര്‍വകലാശാലയിലെ കമ്മിംഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകര്‍. നിലവില്‍ രണ്ട് പഠനങ്ങളാണ് നടത്തുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ വിസര്‍ജ്യത്തില്‍ നിന്നും തയാറാക്കുന്ന ഗുളിക രോഗിയുടെ കുടലിലേക്ക് ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന ചികിത്സാരീതിയാണ് എഫ്എംടി. ആരോഗ്യവാനായ ഒരു ദാതാവില്‍ നിന്നുള്ള പൂപ്പ് ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ ഗുണകരമായ ബാക്ടീരിയകള്‍ ഉത്പ്പാദിപ്പിക്കാന്‍ ഉത്തേജിപ്പിക്കുന്നു. ഇത് ചില രോഗങ്ങള ചികിത്സിക്കുകയും ചില കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. വന്‍കുടലില്‍ അണുബാധയുണ്ടാക്കുന്ന സി.ഡിഫിസില്‍ എന്ന ബാക്ടീരിയയ്‌ക്കെതിരെ ഈ ചികിത്സാരീതി വിജയിച്ചിട്ടുണ്ട്. എന്നാല്‍ മാനസികാരോഗ്യത്തിന് എത്രമാത്രം ഫലപ്രദമായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തുന്നത്. 

എംഡിഡി ഉള്ള രോഗികള്‍ക്കിടയില്‍ നടത്തുന്ന പഠനം ഏകദേശം 13 ആഴ്ചകളോളമെടുക്കുമെന്നാണ് സൂചന. കാല്‍ഗറിയിലെ ഫൂട്ട്ഹില്‍സ് മെഡിക്കല്‍ സെന്ററില്‍ 18 വിസിറ്റുകളും പഠനത്തിന് വിധേയമാക്കിയവര്‍ നടത്തേണ്ടി വരുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ പഠനം പൂര്‍ത്തിയാക്കാന്‍ 25 പേരെക്കൂടി ഗവേഷകര്‍ തിരയുകയാണ്. പങ്കെടുക്കുന്നവരില്‍ പ്ലേസിബോ ക്യാപ്‌സ്യൂളുകളോ എഫ്എംടി ക്യാപ്‌സ്യൂളുകളോ ആണ് പരീക്ഷിക്കുന്നത്. 

ഒസിഡി ഉള്ളവര്‍ക്ക് നാല് മാസമെടുത്താണ് പഠനം പൂര്‍ത്തിയാക്കുക. ഈ പഠനത്തിന് 15 രോഗികളെ കൂടി തിരയുന്നുണ്ട്. പഠനത്തില്‍ സുരക്ഷയ്ക്കാണ് പ്രധാനമെന്ന് ഗവേഷകര്‍ പറഞ്ഞു. രോഗികള്‍ക്ക് യാതൊരുവിധ അപകടങ്ങളും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് പഠനം നടത്തുകയെന്നും അവര്‍ പറഞ്ഞു.