കാനഡയിലെ നഗരങ്ങളിലുടനീളം അടുത്തിടെ ടാക്‌സി സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കനേഡിയന്‍ ടാക്‌സി അസോസിയേഷന്‍ അറിയിച്ചു. വ്യാജ ടാക്‌സികളുമായി എത്തുന്ന തട്ടിപ്പുകാര്‍ ഉപഭോക്താക്കളുടെ പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഡ്രൈവറും യാത്രക്കാരനുമായി തെറ്റിദ്ധരിപ്പിച്ച് രണ്ട് പേര്‍ അടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്താനായി വ്യാജ ടാക്‌സിയില്‍ എത്തുന്നത്.
ഒന്റാരിയോയിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടൊറന്റോ, സാര്‍നിയ, സഡ്ബറി, ഓട്ടവ എന്നിവടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അസോസിയേഷന്‍ പറഞ്ഞു. സാര്‍നിയയില്‍ കഴിഞ്ഞ മാസം 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തട്ടിപ്പുകളില്‍ 980 ഡോളര്‍ മുതല്‍ 9,900 ഡോളര്‍ വരെയാണ് വ്യക്തിഗത സാമ്പത്തിക നഷ്ടമെന്ന് പോലീസ് പറയുന്നു.
ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ ആളുകളില്‍ നിന്നും പണം തട്ടുന്നത്. അതിനാല്‍ അപരിചര്‍ ക്രെഡിറ്റ്കാര്‍ഡ് ആവശ്യപ്പെട്ടാല്‍ ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കണമെന്നും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങളോ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ, ലൈസന്‍സുള്ള ടാക്‌സികള്‍ക്ക് സാധാരണയായി വാഹനത്തിന്റെ പിന്‍ ബമ്പറില്‍ ഘടിപ്പിച്ചിട്ടുള്ള ടാക്‌സി പ്ലേറ്റ് അല്ലെങ്കില്‍ പെര്‍മിറ്റ് പോലെയുള്ള ചില ബ്രാന്‍ഡിംഗ് ഉണ്ട്. നിയമനാസൃതമാണെന്ന് സൂചിപ്പിക്കുന്നതിന് കാറിന്റെ വശത്ത് നമ്പറോ ലോഗോയൊ ഉണ്ടാകും. ഇതുവഴി വ്യാജ ടാക്‌സി ആണോ അല്ലെയോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് അസോസിയേഷന്‍ വിശദീകരിച്ചു.