ഐഎസ് തീവ്രവാദം: അറസ്റ്റിലായ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത് ഫ്രാന്‍സില്‍ നിന്നെന്ന് റിപ്പോര്‍ട്ട്  

By: 600002 On: Aug 14, 2024, 1:44 PM

 


ഐഎസിന് വേണ്ടി ടൊറന്റോയില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന ചെയ്തുവെന്നാരോപിച്ച് ടൊറന്റോ സ്വദേശികള്‍ അറസ്റ്റിലായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഫ്രാന്‍സില്‍ നിന്നും ലഭിച്ച സൂചനകളെ തുടര്‍ന്നാണ് പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതെന്ന് ആര്‍സിഎംപി പറയുന്നു. ജൂലൈ 28 നാണ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഹമ്മദ് ഫൗദ് മൊസ്തഫ എല്‍ദിദി(62), മകന്‍ മൊസ്തഫ എല്‍ദിദി(26) എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദം, ആയുധങ്ങള്‍ കൈവശം വെക്കല്‍, കൊലപാതക ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങളൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടില്ല. 

ഇവരില്‍ ഒരാളെക്കുറിച്ചെങ്കിലും അറിയുകയും ഇത് കാനഡയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ഫ്രഞ്ച് അധികാരികള്‍ അറിയിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ എല്‍ദിദി വിഷയം ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതെങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ ടൊറന്റോയില്‍ ആക്രമണം നടത്താനുള്ള പദ്ധതി തകര്‍ക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും സഹായിച്ച ഫ്രാന്‍സിന്റെ പങ്കിനെക്കുറിച്ച് കനേഡിയന്‍ ഇന്റലിജന്‍സ് വിഭാഗവും പ്രതികരിച്ചില്ല.  

അതേസമയം, തീവ്രവാദ ആരോപണങ്ങള്‍ നേരിടുന്ന എല്‍ദിദി എങ്ങനെ കാനഡയില്‍ പ്രവേശിക്കുകയും പൗരത്വം നേടുകയും ചെയ്തുവെന്നതിനെക്കുറിച്ച് ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്‍ദിദിയെക്കുറിച്ചും മകനെക്കുറിച്ചും അന്വേഷണം നടത്താനും വിശദമായ റിപ്പോര്‍ട്ട് തയാറാക്കാനും നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ചൊവ്വാഴ്ച ഏകകണ്ഠമായി വോട്ട് ചെയ്യുകയും ചെയ്തു.