ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്; മുന്നറിയിപ്പുമായി ബീസി ഹൈഡ്രോ 

By: 600002 On: Aug 14, 2024, 11:39 AM

 

 

വ്യാജ കസ്റ്റമര്‍ സപ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബീസി ഹൈഡ്രോയും പോലീസും. പ്രവിശ്യയിലുടനീളം ഇത്തരത്തില്‍ നൂറോളം തട്ടിപ്പ് നടത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബീസി ആര്‍സിഎംപി പറഞ്ഞു. പുതിയ സര്‍വീസ് ലഭ്യമാക്കുവാനോ സര്‍വീസ് റീകണക്റ്റ് ചെയ്യാനോ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ബീസി ഹൈഡ്രോയുമായി ബന്ധപ്പെടാമെന്ന് കാണിച്ചുള്ള പെയ്ഡ് അഡ്വര്‍ടൈസ്‌മെന്റ് നല്‍കിയാണ് ഉപഭോക്താക്കളെ കബൡപ്പിക്കുന്നത്. പരസ്യത്തില്‍ ഇവര്‍ വ്യാജ നമ്പറാണ് നല്‍കിയിരിക്കുന്നതെന്ന് ആര്‍സിഎംപിയും ബീസി ഹൈഡ്രോയും പറയുന്നു. കൂടാതെ, ബീസി ഹൈഡ്രോയുടെ പേരിലുള്ള പരസ്യത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജ വെബ്‌സൈറ്റിലേക്കുള്ള ലിങ്കാണെന്നും ആര്‍സിഎംപി അറിയിച്ചു. 

വ്യാജ പരസ്യങ്ങളും വെബ്‌സൈറ്റുകളും സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് നീക്കം ചെയ്യാനായി പ്രവര്‍ത്തിക്കുകയാണ് പോലീസും ബീസി ഹൈഡ്രോയും അറിയിച്ചു. തട്ടിപ്പിന് ആരെങ്കിലും ഇരയായിട്ടുണ്ടെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.