ആല്‍ബെര്‍ട്ട, ബീസി കമ്മ്യൂണിറ്റികളില്‍ 2025 ഓടെ എഐ-പവേര്‍ഡ് വൈല്‍ഡ് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം അവതരിപ്പിക്കും 

By: 600002 On: Aug 14, 2024, 10:04 AM

 


കാനഡയെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീയില്‍ നിന്നും രക്ഷനേടാന്‍ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് രാജ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് കാട്ടുതീ വ്യാപിക്കുന്നതിന് മുമ്പ് വിവരം ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. വാന്‍കുവര്‍ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ സെന്‍സ്‌നൈറ്റും റോജേഴ്‌സും സംയുക്തമായാണ് പദ്ധതി തയാറാക്കുന്നത്. കാട്ടുതീ രൂക്ഷമായ വെസ്റ്റേണ്‍ കാനഡയിലുടനീളമുള്ള കമ്മ്യൂണിറ്റികളിലേക്ക് സാങ്കേതികവിദ്യ എത്തിക്കാനാണ് നീക്കം. സെന്‍സര്‍, ക്യാമറ, സാറ്റലൈറ്റ്, എഐ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് തങ്ങളുടെ പുതിയ സംവിധാനമെന്ന് സെന്‍സ്‌നെറ്റ് സിഇഒ ഹമീദ് നൂറി പറഞ്ഞു. 

റോജേഴ്‌സ് നല്‍കുന്ന 5G നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഡിറ്റക്ഷന്‍ സെന്‍സറുകളും ക്യാമറുകളും ഉപയോഗിച്ചാണ് ടെക്‌നോളജി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കാട്ടുതീ സൂചന ലഭിച്ചാല്‍ എഐ വഴി ഡാറ്റ വിശകലനം ചെയ്യുകയും അഗ്നിശമന സേനാംഗങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. 

ബീസിയിലെ സ്പാര്‍വുഡിലും വില്ലോവെയിലും തുടങ്ങി രാജ്യത്തുടനീളമുള്ള 10 കമ്മ്യൂണിറ്റികളിലേക്കാണ് സാങ്കേതിക വിദ്യ എത്തിക്കുന്നത്. ആല്‍ബെര്‍ട്ടയില്‍ ജാസ്പര്‍, ഗ്രാന്‍ഡെ പ്രയറി, ക്രിസ്റ്റീന ലേക്ക്, മര്‍മോട്ട് മൗണ്ടെയ്ന്‍, പീര്‍ലെസ് ലേക്ക്, പെലിക്കണ്‍ മൗണ്ടെയ്ന്‍, വുഡ് ബഫല്ലോ തുടങ്ങിയ കമ്മ്യൂണിറ്റികളിലും ടെക്‌നോളജി ലഭിക്കും. 2025 സ്പ്രിംഗ് സീസണില്‍ ക്യാമറകളും സെന്‍സറുകളും നിലവില്‍ വരും. വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളമുള്ള കൂടുതല്‍ കമ്മ്യൂണിറ്റികളില്‍ ടെക്‌നോളജി വ്യാപിക്കാനാണ് പദ്ധതി.