സെന്‍ട്രല്‍ കാല്‍ഗറിയില്‍ എല്‍ബോ പാര്‍ക്കില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ ഒരാള്‍ നഗ്നതാ പ്രദര്‍ശനവും അശ്ലീല ആംഗ്യങ്ങളും കാണിച്ചതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് സര്‍വീസ്(സിപിഎസ്). ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 32 അവന്യുവിനും എയ്ത്ത് സ്ട്രീറ്റിനും സമീപം മൂന്ന് സ്ത്രീകള്‍ നടന്നു പോകുമ്പോള്‍ അജ്ഞാതനായ വ്യക്തി നഗ്നതാ പ്രദര്‍ശനം നടത്തുകയും അംശ്ലീല ആംഗ്യങ്ങളും കാണിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മൂന്ന് പേരില്‍ രണ്ട് പേര്‍ രക്ഷപ്പെട്ട് റിഡ്ജ്‌റോഡിലുള്ള വീട്ടിലേക്ക് ഓടിക്കയറി പോലീസിനെ വിളിക്കുകയായിരുന്നു. ഉടന്‍ പോലീസെത്തിയെങ്കിലും മൂന്നാമത്തെ സ്ത്രീ നടന്നുവരുന്നത് കണ്ടെങ്കിലും പുരുഷനെ അവിടെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ത്രീകളുടെ മൊഴിയെടുത്തതിന് ശേഷം HAWCS ഉം കനൈന്‍ യൂണിറ്റും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. എന്തെങ്കിലും തരത്തിലുള്ള അസാധാരണമായ സംഭവങ്ങളോ പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നും മോശം അനുഭവങ്ങളോ ഉണ്ടായാല്‍ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലെങ്കില്‍ കാല്‍ഗറി പോലീസ് സര്‍വീസ് നോണ്‍-എമര്‍ജന്‍സി ലൈനുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.