സമീപകാല കുടിയേറ്റക്കാര്‍ക്ക് കാനഡയില്‍ ജോലി കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടേറുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Aug 13, 2024, 12:12 PM

 


കാനഡയില്‍ ഒരു ജോലി കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ ഡാറ്റ. പ്രത്യേകിച്ചും സമീപകാല കുടിയേറ്റക്കാര്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരിക്കും കാനഡയില്‍ ഒരു ജോലി സ്വന്തമാക്കുകയെന്നത്. അടുത്തിടെ കുടിയേറ്റക്കാര്‍ ലേബര്‍ മാര്‍ക്കറ്റില്‍ പല തടസ്സങ്ങളും അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ യോഗ്യതകളോ അനുഭവ സമ്പത്തോ വിദേശത്ത് നേടിയെടുക്കുന്ന തൊഴില്‍ പരിചയമോ കാനഡയില്‍ ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ പരിചയമോ ഇല്ലാത്തതും റഫറന്‍സുകളില്ലാത്തതും ജോലി നേടിയെടുക്കാനുള്ള പ്രധാന തടസ്സങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നു. 

മൂന്ന് മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാനഡയിലെത്തിയ സമീപകാല കുടിയേറ്റക്കാരുടെ തൊഴിലില്ലായ്മ 2023 ജൂലൈ മുതല്‍ 2024 ജൂലൈ വരെ 3.1 ശതമാനം പോയിന്റ് ഉയര്‍ന്ന് 12.6 ശതമാനമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലില്ലായ്മയിലുണ്ടായ വര്‍ധന കുടിയേറി വന്ന യുവാക്കളില്‍ ശക്തമായ സ്വാധീനമുണ്ടാക്കിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു. ജൂലൈയില്‍ ഈ ഗ്രൂപ്പിന്റെ തൊഴിലില്ലായ്മാ നിരക്ക് 22 ശതമാനമായി ഉയര്‍ന്നു. 

ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ സര്‍വേ അനുസരിച്ച്, കാനഡയിലെ നിലവിലെ സാമ്പത്തിക സാഹചര്യം പല കുടിയേറ്റക്കാരെയും ഒരു പ്രവിശ്യയില്‍ മറ്റ് പ്രവിശ്യയിലേക്ക് നീങ്ങുന്നതിലേക്കോ രാജ്യം തന്നെ ഉപേക്ഷിക്കാനോ പ്രേരിപ്പിക്കുന്നു. കാനഡ വിട്ട് മറ്റ് വിദേശരാജ്യങ്ങളിലേക്ക് ചേക്കറുന്നത് പരിഗണിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. 11 വര്‍ഷമോ അതിലധികം വര്‍ഷമോ രാജ്യത്ത് താമസിക്കുന്ന പത്ത് കുടിയേറ്റക്കാരില്‍ മൂന്ന് പേരും ഇതേ അഭിപ്രായം പങ്കുവെച്ചു.