സൂര്യരശ്മി ഭൂമിയില്‍ പതിയാതെ 18 മാസം; മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിന് കാരണം

By: 600007 On: Aug 13, 2024, 6:52 AM

സമീപകാലത്തെ ഏറ്റവും മോശം കാലഘട്ടത്തെക്കുറിച്ച് ചോദിച്ചാൽ എല്ലാവരുടെ മനസ്സിലും ആദ്യമെത്തുക കോവിഡ് 19 മഹാമാരിയുടെ സമയമായിരിക്കും. അതുവരെ നമ്മുടെ വിദൂരമായ ഓർമ്മകളില്‍ പോലും അനുഭവിച്ചിട്ടില്ലാത്തത്ര വെല്ലുവിളികളും നഷ്ടങ്ങളും ഈ കാലഘട്ടം സമ്മാനിച്ചുവെന്നത് സത്യമാണെങ്കിലും മനുഷ്യ ചരിത്രത്തിൽ അതിലും ഭയാനകമായ വർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. അത് 1349-ലെ ബ്ലാക്ക് ഡെത്തല്ല. 50 - 100 ദശലക്ഷം ജീവൻ അപഹരിച്ച 1918- ലെ ഫ്ലൂ പാൻഡെമികുമല്ല. എഡി 536 -നെയാണ് ചരിത്രത്തിലെ ഏറ്റവും മോശം വർഷമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.

എ ഡി 536 -ൽ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിചിത്രവും ഭയാനകവുമായ ഒരു മൂടൽമഞ്ഞ് അനുഭവപ്പെട്ടു. 18 മാസം നീണ്ട് നിന്ന മൂടൽ മഞ്ഞ് ഭൂമിയില്‍ ഭയാനകമായ അന്ധകാരം തീര്‍ത്തെന്ന് ഹിസ്റ്ററി ഡോട്ട് കോം (History.com) റിപ്പോർട്ട് ചെയ്യുന്നു. അസാധാരണമായ മൂടല്‍മഞ്ഞ് കാരണം പകൽ സമയത്ത് സൂര്യന്‍ മറയ്ക്കപ്പെടുകയും ഇത് ഭൂമിയിലെ താപനില കുറയുന്നതിന് കാരണമാവുകയും ചെയ്തു. അതോടെ കാർഷിക വിളകൾ നശിക്കുകയും പട്ടിണിയും വിവിധ പകർച്ചവ്യാധികളും മൂലം നിരവധി ആളുകൾ മരണത്തിന് കീഴടങ്ങി. യഥാർത്ഥത്തിൽ ഒരു ഇരുണ്ട യുഗമായിരുന്നു എഡി 536.