ഒറ്റദിവസം കൊണ്ട് 15 ​ഗിന്നസ് റെക്കോർഡുകൾ, 250 -ലേറെ ലോക റെക്കോർ‌ഡ് നേടിയ യുവാവ്

By: 600007 On: Aug 11, 2024, 5:41 PM

 

250 -ലധികം ​ഗിന്നസ് ലോക റെക്കോർഡുകൾ നേടുക. അങ്ങനെയൊരു കാര്യത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ? അതാണ്, യുഎസ്എയിലെ ഐഡഹോയിൽ നിന്നുള്ള സീരിയൽ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ് ചെയ്തത്. അതുകൊണ്ടും തീർന്നില്ല, ഇപ്പോൾ ഒറ്റദിവസം കൊണ്ട് 15 ലോക റെക്കോർഡുകൾ തകർത്ത നേട്ടമാണ് ഡേവിഡ് ഉണ്ടാക്കിയിരിക്കുന്നത്.

"ഒരു ദിവസം കൊണ്ട് പല റെക്കോർഡുകൾ എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ, ഡേവിഡ് റെക്കോർഡുകൾ തകർത്തത് എങ്ങനെയെന്നത് എന്നെ കൂടുതൽ ആകർഷിച്ചു" എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൻ്റെ ഔദ്യോഗിക വിധികർത്താവ് വിൽ സിൻഡൻ പറഞ്ഞത്. തന്നെത്തന്നെ അത്ഭുതപ്പെടുത്തിയ പ്രകടനം എന്നാണ് ഡേവിഡ് റഷ് പ്രതികരിച്ചത്. 

ഇനി എന്തൊക്കെയാണ് ഡേവിഡ് റഷ് തകർത്ത ​ഗിന്നസ് റെക്കോർഡുകൾ എന്നല്ലേ? അതിലൊന്നാണ് മൂന്ന് ആപ്പിൾ വച്ച് അമ്മാനമാടുന്ന സമയത്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ ആപ്പിൾ കടിക്കുക എന്നത്. അടുത്തത്, ഏറ്റവും വേ​ഗത്തിൽ 10 ടോയ്‍ലെറ്റ് പേപ്പർ റോളുകൾ അടുക്കി വയ്ക്കുക (ഒരു കൈകൊണ്ട്, 5.38 സെക്കന്റിനുള്ളിൽ). 

ഒരു സ്ട്രോ വഴി ഒരു ലിറ്റർ നാരങ്ങാനീര് ഏറ്റവും വേ​ഗത്തിൽ കുടിക്കുകയാണ് അടുത്തതായി ചെയ്തത്. 13.99 സെക്കൻഡാണ് ഇതിന് വേണ്ടി എടുത്ത സമയം. ഏറ്റവും വേ​ഗത്തിൽ ടി ഷർട്ട് ധരിക്കുകയാണ് മറ്റൊന്ന്. 30 സെക്കന്റിൽ 20 എണ്ണം ധരിച്ചു. ഏറ്റവുമധികം ചോപ്സ്റ്റിക്കുകൾ ഏറ്റവും വേ​ഗത്തിൽ ഒരു ലക്ഷ്യത്തിലേക്ക് എറിയുക എന്നതായിരുന്നു വേറൊന്ന്. ഒരു മിനിറ്റിൽ 39 എണ്ണമാണ് ഇങ്ങനെ എറിഞ്ഞത്. ഇതു കൂടാതെ വേറെയും അനവധി റെക്കോർഡുകൾ ഡേവിഡ് റഷ് തകർത്തിട്ടുണ്ട്.