പാരീസില്‍ ഇന്ന് കൊടിയിറക്കം, ഒന്നാം സ്ഥാനത്തിനായി അമേരിക്ക ചൈന ഇഞ്ചോടിഞ്ച് പോരാട്ടം

By: 600007 On: Aug 11, 2024, 6:21 AM

പാരീസ്: പാരിസ് ഒളിംപിക്സിന് ഇന്ന് കൊടിയിറക്കം. ഉദ്ഘാടന ചടങ്ങിൽ ലോകത്തെ വിസ്മയിപ്പിച്ച പാരിസ്, സമാപന ചടങ്ങിൽ എന്തൊക്കെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആകാംക്ഷയിലാണ് കായിക ലോകം. അതിശയം, അത്ഭുതം, ആനന്ദം അങ്ങനെ പാരീസ് ലോകത്തിന് മുന്നിൽ തുറന്നുവച്ചത് ഇന്നോളം കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവങ്ങൾ. പതിനഞ്ച് പകലിരവുകൾക്ക് ഇപ്പുറം കണ്ണഞ്ചിപ്പിക്കുന്നൊരു സമാപനമൊരുക്കി കാത്തിരിക്കുന്നുണ്ട് സ്റ്റെഡ് ദെ ഫ്രാൻസ്.

സെന്‍ നദിക്കരയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്ന സമാപന ചടങ്ങുകൾ എണ്‍പതിനായിരം പേർക്കൊരുമിച്ച് കാണാം. ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളിതന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസും ബെൽജിയൻ ഗായിക ആഞ്ജലെയുമെല്ലാം താരനിബിഡമായ ആഘോഷ രാവിനെത്തും.