അവതാര്‍ മൂന്നാം ഭാഗം പ്രഖ്യാപിച്ചു:'അവതാര്‍'ഫയര്‍ ആന്‍റ് ആഷ്

By: 600007 On: Aug 10, 2024, 5:19 PM

സന്‍ഫ്രാന്‍സിസ്കോ: ജെയിംസ് കാമറൂണിന്‍റെ ചലച്ചിത്ര ഫ്രഞ്ചെസി 'അവതാറിന്‍റെ' മൂന്നാം ഭാഗം പ്രഖ്യാപിച്ചു. മൂന്നാം ഭാഗത്തിന്‍റെ പേര് 'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്' എന്നായിരിക്കും. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 2022 ല്‍ ഇറങ്ങിയ അവതാര്‍ വേ ഓഫ് വാട്ടര്‍ സിനിമയുടെ തുടര്‍ച്ചയായി എത്തുന്ന ചിത്രം 2025 ഡിസംബര്‍ 19ന് റിലീസ് ചെയ്യും

അവതാര്‍ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോ സാൽഡാനയും സാം വർത്തിംഗ്ടണും പ്രഖ്യാപന വേളയില്‍ സന്നിഹിതരായിരുന്നു. തീജ്വാലകൾക്ക് മുകളിലൂടെ നൃത്തം ചെയ്യുന്ന സല്‍ഡാനയുടെ കഥാപാത്രമായ നെയ്ത്തിരിയുടെ ചിത്രം ഉൾപ്പെടെയുള്ള സിനിമയിൽ നിന്നുള്ള കൺസെപ്റ്റ് ആർട്ടും കാമറൂൺ ചടങ്ങില്‍ അവതരിപ്പിച്ചു. 

"നിങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കൂടുതൽ പന്‍റോറയെ പുതിയ ചിത്രത്തില്‍ നിങ്ങൾ കാണും, ഈ ഭാഗം തീര്‍ത്തും അഡ്വഞ്ചറായതും ഒപ്പം ദൃശ്യ വിരുന്നും ആയിരിക്കും. ഒപ്പം മുന്‍ ചിത്രങ്ങളെക്കാള്‍ കൂടിയ വൈകാരികത ഈ ചിത്രത്തിലുണ്ടാകും. അവതാറില്‍ നിങ്ങള്‍ക്ക് അറിയുന്നതും ഇഷ്ടപ്പെടുന്നതുമായ എല്ലാ കഥാപാത്രങ്ങളും ഞങ്ങൾ ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയ ഇടത്തേക്ക് ഈ ചിത്രത്തില്‍ സഞ്ചരിക്കും"  ജെയിംസ് കാമറൂണ്‍ പറഞ്ഞു. 

ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാർ 2009 ലാണ് പുറത്തിറങ്ങിയത്. തുടർന്ന് ഇതിന്‍റെ തുടർച്ചയായ അവതാർ: ദി വേ ഓഫ് വാട്ടർ 2022-ൽ പുറത്തിറങ്ങി. നാവി എന്ന ആദിമ വര്‍ഗ്ഗം വസിക്കുന്ന പാന്‍റോറയിലേക്ക് റിസോഴ്‌സസ് ഡെവലപ്‌മെന്‍റ് അഡ്മിനിസ്‌ട്രേഷൻ (ആർഡിഎ) വീണ്ടും അധിനിവേശത്തിന് എത്തുന്നതും അവരുമായുള്ള നാവികളുടെ പോരാട്ടവും തന്നെയായിരുന്നു അവതാർ: ദി വേ ഓഫ് വാട്ടറും അവതരിപ്പിച്ചത്. ഇതില്‍ പാന്‍റോറയിലെ കടല്‍ ജീവിതയും കാണിച്ചിരുന്നു. 

രണ്ടാം ഭാഗത്തിന്‍റെ തുടര്‍ച്ചയായിരിക്കും 'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്'  എന്നാണ് വിവരം. ഈ  പുതിയ നാവി വംശമായ ആഷ് ഗോത്രത്തെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കും. ഗെയിം ഓഫ് ത്രോൺസ് ഫെയിം ഊന ചാപ്ലിൻ ആഷ് പീപ്പിൾ നേതാവായ വരംഗിനെ അവതരിപ്പിക്കും എന്നാണ് വിവരം. ഡേവിഡ് തെവ്‌ലിസ്, മിഷേൽ യോ എന്നിവരും ചിത്രത്തിലുണ്ടാകും.