സതേണ്‍ ക്യുബെക്കില്‍ കനത്ത മഴയെ തുടര്‍ന്ന് അരലക്ഷത്തോളം പേര്‍ക്ക് വൈദ്യുതി മുടങ്ങി. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ കനത്ത മഴ പെയ്തതോടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വൈകുന്നേരത്തോടെ അരലക്ഷം വരുന്ന ഹൈഡ്രോ-ക്യുബെക്ക് ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ലോറന്‍ഷ്യന്‍സ് മേഖലയിലെ ലാ മക്കാസ മുനിസിപ്പാലിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ വെള്ളപ്പൊക്കം ബാധിച്ചയിടങ്ങളിലുള്ളവര്‍ക്കായി അഭയകേന്ദ്രവും എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ സെന്ററും തുറന്നിട്ടുണ്ട്. ലാക്-ചൗഡ്, ലാക്-മക്കാസ എന്നീ രണ്ട് റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നവരെ എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയാണെന്നും അവര്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും മേയര്‍ യെവ്‌സ് ബെലാംഗര്‍ പറഞ്ഞു. മോണ്‍ട്രിയല്‍ ഏരിയയില്‍ വെള്ളിയാഴ്ച 70 മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഓഗസ്റ്റ് മാസം മുഴുവന്‍ മോണ്‍ട്രിയല്‍ നഗരത്തില്‍ ലഭിച്ച മഴ 94.1 മില്ലിമീറ്ററാണ്.