തീവ്രവാദ കുറ്റത്തിന് യുകെയില്‍ ശിക്ഷിക്കപ്പെട്ട എഡ്മന്റണ്‍ ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരന്റെ തീവ്രവാദ ബന്ധം ആര്‍സിഎംപിയുടെ ശ്രദ്ധയില്‍പ്പെട്ടത് 2017 ല്‍ ഇയാള്‍ ലെബനനില്‍ നിന്നും കാനഡയിലേക്ക് മടങ്ങിയതിന് ശേഷമാണ്. 2023 ജൂലൈ 17 ന് യുകെയിലെത്തിയ കനേഡിയന്‍ പൗരനായ ഖാലിദ് ഹുസൈന്റെ(29) ജീവിതത്തെക്കുറിച്ചുള്ള മുമ്പ് പരസ്യപ്പെടുത്താത്ത വിശദാംശങ്ങള്‍ അണ്‍സീല്‍ഡ് കോടതി രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 ല്‍ തീവ്രവാദ ഗ്രൂപ്പായ അല്‍-മുഹാജിറൗണുമായി ബന്ധമുള്ള ഖാലിദ് ഹുസൈനെ കഴിഞ്ഞയാഴ്ചയാണ് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ലണ്ടന്‍ പോലീസ് കൗണ്ടര്‍ ടെററിസം കമാന്‍ഡ് ആണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ആല്‍ബെര്‍ട്ടയിലാണ് ജനിച്ചതെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ലെബനനിലെ ബേക്കാ താഴ്‌വരയിലാണ് ചെലവഴിച്ചതെന്ന് സീല്‍ ചെയ്യാത്ത കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
ഏഴാം വയസ്സിലാണ് ഹുസൈന്‍ അറബി പഠിക്കാന്‍ കുടുംബത്തോടൊപ്പം ലെബനനിലേക്ക് താമസം മാറിയത്. പിന്നീട് ഏഴ് വര്‍ഷം മുമ്പ് 22 ആം വയസ്സില്‍ കാനഡയിലേക്ക് തിരിച്ചുവന്നു. കാനഡയില്‍ തിരിച്ചെത്തി മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഹുസൈന്‍ അല്‍-മുഹാജിറൗണില്‍ ചേരുന്നതെന്ന് ബ്രിട്ടീഷ് കോടതി പറയുന്നു. പിന്നീട് ലണ്ടനിലേക്ക് പോവുകയായിരുന്നു. 2019 ഒക്ടോബറില്‍ ആരംഭിച്ച ആര്‍സിഎംപിയുടെ അന്വേഷണത്തിന്റെ ഫലമായാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്.