ഒന്റാരിയോയിലെ ലണ്ടനില്‍ ലെജിയോണ ബാക്ടീരിയ അണുബാധ ബാധിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ലെജിയോണെയേഴ്‌സ് രോഗം പടരുന്നതായി മിഡില്‌സെക്‌സ് ലണ്ടന്‍ ഹെല്‍ത്ത് യൂണിറ്റ്(MLHU). മേഖലയില്‍ ഇതുവരെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും നിലവില്‍ നാല് പേര്‍ ആശുപത്രിയിലാണെന്നും ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എംഎല്‍എച്ച്‌യുവിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗം ബാധിച്ചവര്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖമാണ് ലെജിയോണയേഴ്‌സ് രോഗം. രോഗം പരത്തുന്ന ബാക്ടീരിയകള്‍ സാധാരണയായി ഹോട്ട് വാട്ടര്‍ ടാങ്കുകള്‍, എയര്‍ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയിലാണ് കാണപ്പെടുന്നത്. കടുത്തപനി, വിറയല്‍, ചുമ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ച് ന്യുമോണിയ വരെയാകാനുള്ള സാധ്യതയുണ്ട്. ബാക്ടീരിയ ബാധിച്ച് രണ്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു.
സൗത്ത്ഈസ്റ്റ് ലണ്ടനിലാണ് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അണുബാധയുടെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വായുവില്‍ കലര്‍ന്ന ബാക്ടീരിയ ശ്വസിക്കുമ്പോള്‍ ശരീരത്തിനകത്തേക്ക് അണുബാധ പകരുന്നു.