ലോകത്താദ്യം; മനുഷ്യനില്‍ ഡെന്‍റല്‍ പ്രൊസീജിയര്‍ വിജയകരമായി പൂര്‍ത്തിയാക്കി റോബോട്ട്

By: 600007 On: Aug 6, 2024, 6:50 AM

 

ന്യൂയോര്‍ക്ക്: റോബോട്ടുകള്‍ മനുഷ്യന് പകരമാകുന്ന കാലമാണിത്. വിവിധ മേഖലകളിലേക്ക് റോബോട്ടുകള്‍ കടന്നുകയറുകയാണ്. ആരോഗ്യരംഗത്തും റോബോട്ടുകളുടെ സേവനം ലോകം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതാ ഇപ്പോള്‍ മനുഷ്യനില്‍ ഒരു ഡെന്‍റല്‍ പ്രൊസീജിയര്‍ (Dental procedure) റോബോട്ട് പൂര്‍ത്തീകരിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ലോകത്തെ ആദ്യ സമ്പൂര്‍ണ ഓട്ടോമേറ്റ‍ഡ് റോബോട്ടിക് ഡെന്‍റല്‍ പ്രൊസീജിയറിനെ കുറിച്ച് രാജ്യാന്തര മാധ്യമമായ സ്കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

റോബോട്ടിന്‍റെ നീളന്‍ യന്ത്രകൈ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ത്രീ‍ഡി ഇമേജിംഗ് എന്നിവയുടെ സഹായത്തോടെയാണ് ഡെന്‍റല്‍ പ്രൊസീജിയര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ കമ്പനിയായ പെര്‍സെപ്‌റ്റീവാണ് ഈ സാങ്കേതികവിദ്യക്ക് പിന്നില്‍. കൂടുതല്‍ കൃത്യവും വേഗത്തിലും പല്ലുകള്‍ അടയ്‌ക്കാനും ക്രൗണുകള്‍ ധരിപ്പിക്കാനും ഈ റോബോട്ടിനെ കൊണ്ട് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ റോബോട്ടിക് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പെര്‍സെപ്‌റ്റീവിന് 30 മില്യണ്‍ ഡോളറിന്‍റെ (251 കോടി രൂപ) സാമ്പത്തിക സഹായവും പിന്തുണയും ഡെന്‍റിസ്റ്റും മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ പിതാവുമായ എഡ്വേഡ് സക്കര്‍ബര്‍ഗില്‍ നിന്ന് ലഭിച്ചിരുന്നു.