ഹനിയ്യ വധം; തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ യു.എസിനോടും യൂറോപ്യൻ രാജ്യങ്ങളോടും സഹായം തേടി ഇസ്രായേൽ

By: 600007 On: Aug 5, 2024, 3:41 PM

തെഹ്റാൻ: ഹമാസ്​ രാഷ്ട്രീയകാര്യ സമിതി നേതാവ്​ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ, തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ ഇസ്രായേൽ. പ്രതിരോധ സഹായവും പിന്തുണയും വേണമെന്ന്​ അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും ഇസ്രായേൽ ആവശ്യപ്പെട്ടു. ഹനിയ്യയുടെ കൊലപാതത്തിൽ തിരിച്ചടിയിൽ നിന്ന് പിറകോട്ടില്ലെന്നാവർത്തിക്കുകയാണ് ഇറാൻ. തെഹ്റാനിൽ നടന്നത് രാജ്യത്തിന്റെ പരമാധികാരം മറികടന്നുള്ള ആക്രമണമാണെന്നാണ് വിലയിരുത്തൽ. ഇസ്രായേലിനെതിരായ നീക്കം ഉപേക്ഷിക്കണമെന്ന മധ്യസ്ഥരാജ്യങ്ങൾ മുഖേനയുള്ള അമേരിക്കൻ അഭ്യർഥനയും ഇറാൻ തള്ളി.

ഹിസ്ബുല്ലയും ഹൂതികളും ഹമാസും ചേർന്നുള്ള സംയുക്ത പ്രത്യാക്രമണ സാധ്യതയും ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്. നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഭൂഗർഭ അറകൾ ഒരുക്കിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. തെൽ അവീവിൽ ഉൾപ്പെടെ ജി.പി.എസ്​ സംവിധാനത്തിനു വരെ വിലക്ക്​ ഏർപ്പെടുത്തി. ലബനാൻ അതിർത്തി മേഖലകളിലെ ജനങ്ങളോട്​ പുറത്തിറങ്ങരുതെന്നും സൈന്യം ആവശ്യപ്പെട്ടു. ലബനാനിൽ നിന്ന് കൂടുതൽ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. അടിയന്തരമായി ലബനാൻ വിടാൻ അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും തുർക്കിയും തങ്ങളുടെ പൗരൻമാരോട്​ ആവശ്യപ്പെട്ടു.