വായുനിറച്ച കൂടാരം കാറ്റിൽ ഉയർന്നുപൊങ്ങി നിലത്ത് വീണു, 5 വയസുകാരന് ദാരുണാന്ത്യം

By: 600007 On: Aug 5, 2024, 10:19 AM

മേരിലാൻഡ്: വായുനിറച്ച കളിക്കൂടാരം ശക്തമായ കാറ്റിൽ ഉയർന്ന് പൊങ്ങിയത് 20 അടിയോളം ഉയരത്തിൽ. കൂടാരത്തിൽ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ചങ്ങാതിക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ മെരിലാൻഡിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബേസ് ബോൾ മത്സരം നടക്കുന്ന ഗ്രൌണ്ടിന് സമീപത്ത് കുട്ടികൾക്കായി സജ്ജമാക്കിയിരുന്ന കളിക്കോപ്പാണ് ശക്തമായ കാറ്റിൽ ഉയർന്ന് പൊങ്ങി അപകടമുണ്ടായത്. 

അറ്റ്ലാന്റിക് ലീഗ് ഓഫ് പ്രൊഫഷണൽ ബേസ്ബോൾ ലീഗ് മത്സരം പുരോഗമിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. രാത്രി 9.30യോടെയാണ് അപകടമുണ്ടായത്. ഗ്രൌണ്ടിലുണ്ടായിരുന്നവരും കാണികളുമാണ് ഉയർന്ന് പൊങ്ങി നിലത്ത് വീണ കളിക്കോപ്പ് ഉയർത്തി അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്. ഉടനേ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. മേരിലാൻഡിലെ ലാ പ്ലാറ്റ സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ കുട്ടിയുടെ ചികിത്സ പുരോഗമിക്കുകയാണ്. 

അപകടത്തിന് പിന്നാലെ വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും ബേസ് ബോൾ മത്സരം ഉപേക്ഷിച്ചിരുന്നു. 5 വയസുകാരന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരുന്നുവെന്നാണ് മത്സരത്തിനെത്തിയ ബേസ്ബോൾ താരങ്ങൾ പറഞ്ഞത്