''ചതിയന്മാരല്ല ഞങ്ങള്‍'': വികാരാധീനയായി കനേഡിയന്‍ ഫുട്‌ബോള്‍ താരം  

By: 600002 On: Jul 30, 2024, 1:33 PM

 

 

കനേഡിയന്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ടീം അംഗമായ വനേസ ഗില്ലസ് തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ച് ന്യൂസിലന്‍ഡ് ടീമിന്റെ പരിശീലനം ചോര്‍ത്തിയ സംഭവത്തില്‍ ടീമിന്റെ പ്രധാന കോച്ചായ ബൈവ് പ്രീസ്റ്റ്മാനെ ഫിഫ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തുകയും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് വിലക്കുകയും ചെയ്തതിന് പിന്നാലെയാണ് വികാരാധീനയായി സംസാരിച്ചത്. ഇതിന് പുറമെ കാനഡയുടെ ആറ് പോയിന്റ് കുറയ്ക്കുകയും ചെയ്തത് വന്‍ തിരിച്ചടിയായിരുന്നു. 

എന്നാല്‍ തുടര്‍ച്ചയായുള്ള വിവാദങ്ങള്‍ക്കിടയിലും പാരീസ് ഒളിമ്പിക്‌സില്‍ കാനഡ ഫ്രാന്‍സിനെ 2-1 ന് തോല്‍പ്പിച്ച് തിരിച്ചുവരവ് പ്രഖ്യാപിച്ചത് പ്രതീക്ഷകളുണ്ടാക്കുന്നു. ഇഞ്ചുറി ടൈമിന്റെ 12 ആം മിനിറ്റില്‍ വനേസ ഗില്ലസ് നേടിയ ഗോളാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. 

വിജയത്തിന് പിന്നാലെ ഗില്ലസ് തങ്ങള്‍ ചതിക്കുന്നവരല്ലെന്നും വിവാദങ്ങള്‍ ടീമിനെ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കിയെന്നും പറഞ്ഞു. പ്രശ്‌നങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഭക്ഷണം കഴിച്ചില്ല, കരയുകയായിരുന്നു. മികച്ച പ്രകടനായിരുന്നു ഒളിമ്പിക്‌സിലേതെന്ന് കരുതുന്നില്ല. തങ്ങള്‍ പക്ഷേ പരസ്പരം പിടിച്ചുനിന്നു, വിജയത്തിലെത്താന്‍. തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും ഗില്ലസ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.