ജാസ്‌പെര്‍ കാട്ടുതീ: നിയന്ത്രണാതീതമായി തുടരുന്നു; കനത്ത നാശനഷ്ടം 

By: 600002 On: Jul 29, 2024, 10:03 AM

 


ജാസ്പറിലെ കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണെന്ന് അധികൃതര്‍. ജാസ്പര്‍ നഗരത്തിലും കമ്മ്യൂണിറ്റികളിലും നാഷണല്‍ പാര്‍ക്കിലും കനത്ത നാശനഷ്ടമാണ് കാട്ടുതീ മൂലമുണ്ടായിരിക്കുന്നത്. ദിവസങ്ങളോളം ചരിത്രപ്രസിദ്ധമായ നഗരത്തിന് ഭീഷണിയായ തീ, ഒടുവില്‍ ബുധനാഴ്ചയോടെ ഒഴിപ്പിക്കപ്പെട്ട കമ്മ്യൂണിറ്റികളിലും എത്തി. ഇവിടങ്ങളില്‍ നിരവധി കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും മറ്റ് പ്രോപ്പര്‍ട്ടികളും കത്തിനശിച്ചു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളാണ് കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നത്. 

100 മീറ്ററോളം ഉയരത്തില്‍ കത്തുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് ഫയര്‍ ചീഫ് മാത്യു കോണ്ടെ പറഞ്ഞു. നഗരത്തില്‍ കാര്യമായ നാശനഷ്ടങ്ങളാണ് കാട്ടുതീ മൂലം സംഭവിച്ചത്. കാട്ടുതീയെ പ്രതിരോധിക്കാനും പ്രതിസന്ധിയാണെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറയുന്നു. സര്‍ക്കാര്‍, എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ജാസ്‌പെറിലെ നാശനഷ്ടങ്ങള്‍ ആദ്യമായി രേഖപ്പെടുത്തി. ഹോട്ടലുകളും റിസോര്‍ട്ടുകളും ചരിത്ര പ്രധാനമായ സ്ഥലങ്ങളും ഉള്‍പ്പെടെ നിരവധി പ്രോപ്പര്‍ട്ടികളാണ് കത്തിനശിച്ചത്. 

ജാസ്‌പെര്‍ ദേശീയ ഉദ്യാനത്തിലൂടെയുള്ള ഹൈവേ തുറക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി പുന:സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ജാസ്‌പെര്‍ നാഷണല്‍ പാര്‍ക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ കാട്ടുതീയാണിചെന്നും താമസക്കാരും സന്ദര്‍ശകരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ സമയമെടുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.