ആല്‍ബെര്‍ട്ടയിലെ ജാസ്‌പെറിലേക്ക് കാട്ടുതീ വ്യാപിക്കുന്നു. ജാസ്പര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലെ തീപിടുത്തം ബുധനാഴ്ച വൈകുന്നേരത്തോടെ ടൗണ്‍സൈറ്റില്‍ എത്തി. നഗരത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. തീ നിയന്ത്രണാതീതമാണെന്നും അപകടകരമായിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. നിരവധി കെട്ടിടങ്ങളും ഹോട്ടലുകളും അഗ്നിക്കിരയായെന്ന് പാര്‍ക്ക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു.
അഗ്നിശമനാംഗങ്ങള്‍ തീയണയ്ക്കാനുള്ള കഠിന ശ്രമത്തിലാണെന്ന് വൈല്‍ഡ്ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജെയിംസ് ഈസ്‌തെം അറിയിച്ചു. പ്രദേശത്തെ ഏറ്റവും ചരിത്ര പ്രസിദ്ധമായ ജാസ്പര്‍ പാര്‍ക്ക് ലോഡ്ജ് കാട്ടുതീയെ തുടര്‍ന്ന് നശിച്ചതായി ഫെയര്‍മോണ്ട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് മാധ്യമങ്ങളോട് പറഞ്ഞു. സൗത്ത്‌വെസ്റ്റ് സിറ്റിയിലുള്ള മാലിന്‍ ലോഡ്ജ് എന്ന ഹോട്ടലും അഗ്നിക്കിരയായതായി ബുധനാഴ്ച സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി 8.30 ഓടെ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മോശമായി. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളും മറ്റുള്ളവരും ഹിന്റണിലേക്ക് ഒഴിഞ്ഞതായി പാര്‍ക്ക്‌സ് കാനഡ പറഞ്ഞു.
തീയണയ്ക്കാനുള്ള ശ്രമങ്ങളില്‍ പങ്കെടുക്കാന്‍ പ്രവിശ്യയില്‍ നിന്നും മാത്രമല്ല രാജ്യത്തുടനീളമുള്ള സ്ഥലങ്ങളില്‍ നിന്നും സഹായങ്ങള്‍ എത്തുന്നുണ്ട്. ആല്‍ബെര്‍ട്ട എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ അഭ്യര്‍ത്ഥന പ്രകാരം തങ്ങളുടെ കാനഡ ടാസ്‌ക് ഫോഴ്‌സ് 2 വിലെ 19 അംഗങ്ങളെ ജാസ്പറില്‍ വിന്യസിച്ചതായി കാല്‍ഗറി അറിയിച്ചു.