മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഉണ്ടായത് കനത്ത നിരാശ. ലോക്സഭയിൽ ആദ്യമായി ബി.ജെ.പിക്ക് സീറ്റ് ലഭിച്ചതു കാരണമെങ്കിലും കേരളത്തിന് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സംസ്ഥാനത്ത് നിന്ന് രണ്ട് സഹമന്ത്രിമാരുണ്ടായിട്ടും കേന്ദ്രം പരിഗണിച്ചില്ല. കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തിന് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിച്ചതുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സില്‍വര്‍ ലൈൻ, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി, കോഴിക്കോട്- വയനാട് തുരങ്കപാതയ്ക്ക് 5,000 കോടിയുടെ പാക്കേജ് എന്നിവയെല്ലാം കേരളത്തിന്റെ ആവശ്യങ്ങൾ ആയിരുന്നെങ്കിലും ഒന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.
സംസ്ഥാനത്തെ സംബന്ധിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കൂടി സഹായം ലഭിച്ചേ മതിയാകൂ. മറ്റൊന്ന് നേരത്തെ തന്നെ സ്ഥലം നിർദ്ദേശിച്ച് കാത്തിരിക്കുന്ന എയിംസ് പദ്ധതിയായിരുന്നു. ഇതു രണ്ടിലും കേരളത്തെ പരിഗണിച്ചില്ല. ബിഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചു. ഈ ബജറ്റിൽ കൂടുതൽ പദ്ധതികൾ ലഭിച്ചതും ഈ സംസ്ഥാനങ്ങൾക്കാണ്. വിനോദസഞ്ചാര രംഗത്തായിരുന്നു ധനമന്ത്രിയുടെ ബജറ്റിലെ വമ്പൻ പദ്ധതികളുടെ നീണ്ടനിരയുണ്ടായിരുന്നത്. എങ്കിലും അവയെല്ലാം ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അവിടെയും കേരളത്തിന് കാര്യമായി ഒന്നും ലഭിച്ചില്ല.