ടെക്‌സസില്‍ വായുഗുണനിലവാരം മെച്ചപ്പെടുത്താന്‍ കാറുകളുടെ ഉപയോഗം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം 

By: 600002 On: Jul 22, 2024, 1:07 PM

 


ടെക്‌സസില്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കാറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ദശലക്ഷകണക്കിന് ആളുകളോട് ആവശ്യപ്പെട്ട് അധികൃതര്‍. ഈ മാസം ഇത് രണ്ടാം തവണയാണ് ടെക്‌സസ് നിവാസികളോട് തങ്ങളുടെ കാര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്. ഓസോണിലെ അളവ് വര്‍ധിപ്പിക്കേണ്ട സാഹചര്യത്തില്‍ ടെക്‌സസ് കമ്മീഷന്‍ ഓണ്‍ എണ്‍വയോണ്‍മെന്റല്‍ ക്വാളിറ്റി(TCEQ) ഫോര്‍ട്ട്‌വര്‍ത്ത് ഏരിയയില്‍ ശനിയാഴ്ച 'ഓസോണ്‍ ആക്ഷന്‍ ഡേ' പ്രഖ്യാപിച്ചിരുന്നു. കടുത്ത സൂര്യരശ്മികളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ പാളിയിലെ വിള്ളല്‍ ഹാനികരമായ വായു മലിനീകരണം മൂലമുണ്ടാകുന്നതാണ്. ഇത് വളരെയധികം അപകടകരമാണെന്ന് എണ്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി(EPA)  പറയുന്നു. ഇത് കുട്ടികളിലും മറ്റ് സെന്‍സിറ്റീവ് ഗ്രൂപ്പുകളിലും പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 

ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറയ്ക്കാന്‍ വായുമലിനീകരണ തോതും കുറയ്‌ക്കേണ്ടതുണ്ട്. അതിനായി ഭൂമിയിലെ മനുഷ്യരാണ് ശ്രമിക്കേണ്ടത്. ഇതിന്റെ ഭാഗമായാണ് ടെക്‌സസില്‍ കാറുകളുടെ അമിത ഉപയോഗം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നതെന്ന് നാഷണല്‍ വെതര്‍ സര്‍വീസ്(NWS)  പറയുന്നു. ചെറിയ യാത്രകള്‍ക്കായി പോലും സ്വന്തം വാഹനങ്ങളെടുക്കുന്ന രീതി മാറ്റണമെന്ന് അധികൃതര്‍ പറയുന്നു. റൈഡ് ഹെയ്‌ലിംഗ് സംവിധാനങ്ങളില്‍ പങ്കിട്ടുള്ള യാത്രകള്‍, സൈക്കിളിന്റെ ഉപയോഗം, നടത്തം, ഡ്രൈവ്-ത്രൂ ലെയ്ന്‍ ഒഴിവാക്കല്‍, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയവയിലുടെ ഓരോരുത്തര്‍ക്കും ഓസോണ്‍ മലിനീകരണം തടയാന്‍ സഹായിക്കാനാകുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് വ്യക്തമാക്കി. 

കൂടാതെ, എയര്‍ ക്വാളിറ്റി അലേര്‍ട്ട് സമയത്ത് താമസക്കാര്‍ അവശിഷ്ടങ്ങളോ മാലിന്യങ്ങളോ മറ്റ് വസ്തുക്കളോ കത്തിക്കരുതെന്നും പുറത്ത് ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്നും NWS  മുന്നറിയിപ്പ് നല്‍കുന്നു.