വ്യാജ ടാക്‌സി സ്‌കാം: കാല്‍ഗറിയില്‍ 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; മുന്നറിയിപ്പുമായി പോലീസ് 

By: 600002 On: Jul 19, 2024, 11:50 AM

 

കാല്‍ഗറിയില്‍ വ്യാജ ടാക്‌സി യാത്ര നടത്തി ആളുകളില്‍ നിന്നും പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി കാല്‍ഗറി പോലീസ് സര്‍വീസ്. ക്യാബില്‍ യാത്ര ചെയ്തതിന് ശേഷം ഡ്രൈവര്‍ പണം നേരിട്ട് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് ആളുകളോട് പണം നല്‍കി സഹായിക്കാനഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് ഇവരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം മോഷ്ടിക്കുകയും ചെയ്യുന്ന രീതിയാണ് തട്ടിപ്പുകാര്‍ പിന്തുടരുന്നതെന്ന് പോലീസ് പറയുന്നു. വ്യാജ ടാക്‌സി ഉപയോഗിച്ചുള്ള തട്ടിപ്പില്‍ 11 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറയുന്നു. 

ക്യാബ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കാന്‍ സഹായിക്കാന്‍ സമീപത്തുള്ളവരെ തട്ടിപ്പുകാര്‍ സമീപിക്കും. ഇവരില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് വാങ്ങുകയും തിരിച്ച് നല്‍കുമ്പോള്‍ വ്യാജ കാര്‍ഡ് നല്‍കുകയും ചെയ്യുന്നു. കാര്‍ഡില്‍ നിന്നും പണം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ഇരകള്‍ തങ്ങള്‍ തട്ടിപ്പിന് ഇരയായതായി തിരിച്ചറിയുക. 

ഇത്തരത്തില്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ആളുകള്ഡ ജാഗ്രത പാലിക്കണമെന്നും ഡെബിറ്റ് കാര്‍ഡുകള്‍ പരിചയമില്ലാത്തവര്‍ക്ക് നല്‍കരുതെന്നും മറ്റ് സാമ്പത്തിക, വ്യക്തഗത വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.