ഇ.കോളി ബാക്ടീരിയ സാന്നിധ്യം: ടൊറന്റോയിലെ ബീച്ചുകളില്‍ നീന്തല്‍ നിരോധിച്ചു

By: 600002 On: Jul 18, 2024, 12:07 PM

 

ടൊറന്റോയിലെ കടല്‍ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാ ബീച്ചുകളിലും അധികൃതര്‍ നീന്തല്‍ നിരോധിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമായ കനത്ത മഴയെ തുടര്‍ന്ന് ഉയര്‍ന്ന അളവില്‍ ബാക്ടീരിയ കണ്ടെത്തിയതോടെയാണ് നീന്തല്‍ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കിയത്. നഗരത്തിലെ 10 ബീച്ചുകളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. 

മനുഷ്യര്‍ക്ക് അപകടകരമായ അളവില്‍ ഇ.കോളി ബാക്ടീരിയ സാന്നിധ്യം കാരണം, മഴ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ നീന്തുന്നത് സുരക്ഷിതമല്ലെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. ഇ.കോളി അളവ് ഉള്ള വെള്ളത്തില്‍ നീന്തുന്നവര്‍ക്കും കുളിക്കുന്നവര്‍ക്കും ചെവി, കണ്ണ്, മൂക്ക്, തൊണ്ട, ത്വക്ക് എന്നിവ ഉള്‍പ്പെടെയുള്ള അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ചെറിയ കുട്ടികള്‍, പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് കൂടുതല്‍ അപകടസാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ, ടൊറന്റോയിലെ ബീച്ചുകളില്‍ നിന്ന് ഇ.കോളി ബാക്ടീരിയ പരിശോധിക്കുന്നതിനായി ദിവസേന ഫോറസ്ട്രി ആന്‍ഡ് റിക്രിയേഷന്‍ ഡിവിഷന്‍, ടൊറന്റോയുടെ മേല്‍നോട്ടത്തില്‍ ജലസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താറുണ്ട്.