ടൊറന്റോയില്‍ ഗതാഗത കുരുക്ക് രൂക്ഷം: സര്‍വേ റിപ്പോര്‍ട്ട്

By: 600002 On: Jul 17, 2024, 10:52 AM

 

 

ടൊറന്റോയില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഗതാഗത കുരുക്ക് മുനിസിപ്പാലിറ്റിയുടെ സമ്പദ്‌വ്യവസ്ഥയെ വരെ ബാധിക്കുന്ന രീതിയിലെത്തിയതായി ടൊറന്റൊ റീജിയണ്‍ ബോര്‍ഡ് ഓഫ് ട്രേഡ് അറിയിച്ചു. വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ടൊറന്റോ മേഖലയെ ഒഴിവാക്കാന്‍ തൊഴിലാളികള്‍ അടക്കമുള്ളവരെ പ്രേരിപ്പിക്കുന്നതായി ബോര്‍ഡിനായി ഇപ്‌സോസ് നടത്തിയ സര്‍വേയില്‍ സൂചിപ്പിക്കുന്നു. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 53 ശതമാനം പേരും കനത്ത തിരക്കില്‍ നിന്നും രക്ഷപ്പെടാന്‍ നഗരം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പറഞ്ഞു. 

ഗതാഗതക്കുരുക്കില്‍പ്പെടുന്നത് കാരണം ജോലിക്ക് പോകാന്‍ മടിയുണ്ടാകുന്നതായി 62 ശതമാനം പേര്‍ പറഞ്ഞു. ഷോപ്പിംഗും മറ്റ് കായിക വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുന്നതായി 42 ശതമാനം പേരും പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതായി 38 ശതമാനം പേരും 31 ശതമാനം പേര്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് ഒഴിവാക്കിയതായും പ്രതികരിച്ചു. 

ഈ മാറ്റം റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വരുമാനത്തിലും ജോലിയിലും കനത്ത നഷ്ടത്തിന് കാരണമായി. ഇത് നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നും സര്‍വേ കണ്ടെത്തി.