കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നു: ഐസിസി റിപ്പോര്‍ട്ട് 

By: 600002 On: Jul 16, 2024, 10:22 AM

 

 

കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ വളരെ കുറച്ച് കുടിയേറ്റക്കാര്‍ മാത്രമാണ് കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നുള്ളൂവെന്ന് 2016 ലെയും 2021 ലെയും സെന്‍സസ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ്(ഐസിസി) പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം, കാനഡയില്‍ എത്തി 10 വര്‍ഷത്തിനുള്ളില്‍ പൗരന്മാരാകുന്നവരുടെ അനുപാതം 40 ശതമാനം കുറഞ്ഞു. കനേഡിയന്‍ പൗരനാകാന്‍ സമീപ വര്‍ഷങ്ങളിലായി ആളുകള്‍ക്ക് കനേഡിയന്‍ പൗരനാകാന്‍ താല്‍പ്പര്യം കുറഞ്ഞുവരികയാണെന്ന് ഐസിസി സിഇഒ ഡാനിയേല്‍ ബെര്‍ണാഡ് പറഞ്ഞു. 

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സാമ്പത്തിക കുടിയേറ്റക്കാര്‍ക്കിടയില്‍ പൗരത്വം സ്വീകരിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അവര്‍ തങ്ങളുടെ ഓപ്ഷന്‍ വീണ്ടും പുന: പരിശോധിക്കുന്നതാണ് ഇതിന് കാരണമെന്ന് ബെര്‍ണാഡ് പറയുന്നു. കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവ് മൂലമുള്ള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൂടാതെ, കുടിയേറ്റക്കാരുടെ കഴിവുകളും അനുഭവ സമ്പത്തും രാജ്യത്തെ തൊഴില്‍മേഖലയില്‍ അംഗീകരിക്കപ്പെടുന്നില്ല. ഇതില്‍ മിക്കവര്‍ക്കും നിരാശ തോന്നിയേക്കാം. അതിനാല്‍ കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ നിന്നും ഇവര്‍ പിന്മാറാന്‍ സാധ്യത സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അഫോര്‍ഡബിളിറ്റി ഇതിനകം പൗരത്വം സ്വീകരിക്കുന്നതില്‍ പ്രധാന സ്വാധീനം ചെലുത്തുന്നുണ്ട്. പൗരത്വത്തിന്റെ മൂല്യം ആഘോഷിക്കാനും വിലമിതിക്കാനും ആളുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും വെര്‍ച്വല്‍ പൗരത്വ ചടങ്ങുകള്‍ക്ക് പരിധി വയ്ക്കാനും ഐസിസി ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതും പൗരത്വം സ്വീകരിക്കുന്നതില്‍ നിന്നും കുടിയേറ്റക്കാരെ പിന്നോട്ടടിപ്പിക്കുന്നു.