കേടായ ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്ന് ഡെട്രോയിറ്റില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ഡെല്‍റ്റ വിമാനം അടിയന്തരമായി ന്യൂയോര്‍ക്കിലേക്ക് തിരിച്ചുവിട്ടു. ബുധനാഴ്ച രാത്രി 11 മണിക്കാണ് വിമാനം ഡെട്രോയിറ്റില്‍ നിന്ന് പറന്നുയര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് ന്യൂയോര്‍ക്കില്‍ ഇറങ്ങി. മെയിന്‍ ക്യാബിന്‍ ഇന്‍-ഫ്‌ളൈറ്റ് മീല്‍ സര്‍വീസില്‍ വിളമ്പിയ ഭക്ഷണം കേടായിരുന്നുവെന്ന് ഡെല്‍റ്റ എയര്‍ലൈന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തിലെ 277 യാത്രക്കാരില്‍ 14 പേരെയും 10 ജീവനക്കാരെയും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ചികിത്സിച്ചതായി പോര്‍ട്ട് അതോറിറ്റി ഓഫ് ന്യൂയോര്‍ക്ക് ആന്‍ഡ് ന്യൂജേഴ്‌സി വക്താവ് പറഞ്ഞു. ആര്‍ക്കും ആശുപത്രിയില്‍ പ്രവേശിക്കേണ്ട രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായില്ലെന്ന് വക്താവ് വ്യക്തമാക്കി.
അതേസമയം, കേടായ ഭക്ഷണം ആകെ എത്ര പേര്‍ കഴിച്ചുവെന്നതില്‍ വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡെല്‍റ്റ എയര്‍ലൈന്‍ അറിയിച്ചു.