തൊഴില്‍ മേഖലകളില്‍ കൂടുതല്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിച്ച് കാനഡയിലെ തൊഴില്‍ ഉടമകള്‍

By: 600002 On: Jun 25, 2024, 7:00 AM

 

 

ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖല മുതല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വരെ കൂടുതല്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുകയാണ് കാനഡയിലെ തൊഴിലുടമകള്‍. താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്കായുള്ള ബിസിനസ്സുകളുടെ ആവശ്യം സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. ഫെഡറല്‍ പ്രോഗ്രാമിലൂടെ ഇരട്ടിയിലധികം ആളുകളെ നിയമിക്കാന്‍ തൊഴിലുടമകള്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ എല്ലാ മേഖലകളിലും താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് അവസരങ്ങളും വര്‍ധിച്ചു. അവസാന ആശ്രയമെന്ന നിലയില്‍ തൊഴിലുടമകള്‍ക്ക് ഹ്രസ്വകാല ആശ്വാസം നല്‍കുന്നതിനാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 239,646 താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി ലഭിച്ചു. എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ(ESDC) യുടെ കണക്കുകള്‍ പ്രകാരം 2018 ല്‍ 108,988 ആയിരുന്നു. ഫാസ്റ്റ്ഫുഡ് ശൃംഖലകളും റെസ്റ്റോറന്റുകളുമാണ് കൂടുതലായി താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത്. ഈ തൊഴില്‍ മേഖലയില്‍ ഡിമാന്‍ഡ് ഏറെ വര്‍ധിച്ചിട്ടുണ്ട്. ഫാം, ഗ്രീന്‍ഹൗസ് വര്‍ക്കേഴ്‌സിനും ഡിമാന്‍ഡ് ഉണ്ട്. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അംഗീകാരം നേടിയത് പാചകക്കാര്‍, ഫുഡ് സര്‍വീസ് സൂപ്പര്‍വൈസര്‍മാര്‍, ഫുഡ് കൗണ്ടര്‍ അറ്റന്‍ഡന്റുകള്‍, കിച്ചണ്‍ ഹെല്‍പ്പേഴ്‌സ് എന്നീ തസ്തികകളാണ്. 2018 ല്‍ 170 പേരെയായിരുന്നു ഫുഡ് കൗണ്ടര്‍ അറ്റന്‍ഡന്റ് സ്ഥാനത്തേക്ക് നിയമിച്ചതെങ്കില്‍ 2023 ആയപ്പോഴേക്കും 8,333 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേരെ നിയമിക്കാന്‍ അനുമതി നല്‍കിയ മികച്ച 10 തൊഴിലുടമകളും ഫാസ്റ്റ് ഫുഡ് ഓപ്പറേറ്റര്‍മാരായിരുന്നു. 

കൂടുതലായി താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് സാമ്പത്തികപരമായി പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് ചൂണ്ടിക്കാട്ടി താല്‍ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിന്‍ ചില മാറ്റങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. തൊഴില്‍ വിപണിയിലെ മാറ്റവും കുറഞ്ഞ ഒഴിവുകളും ഉദ്ധരിച്ച് ഒരു ബിസിനസിന് എത്ര തൊഴിലാളികളെ നിയമിക്കാമെന്ന് കര്‍ശനമാക്കി.