കാല്‍ഗറിയിലെ ജലവിതരണ പ്രതിസന്ധി: സാന്‍ ഡിയാഗോയില്‍ നിന്നും പെപ്പ് എത്തിച്ചു; ഫീഡര്‍ മെയിന്‍ തകരാര്‍ പരിഹരിച്ചതായി മേയര്‍ 

By: 600002 On: Jun 17, 2024, 11:55 AM

 

 

കാല്‍ഗറിയില്‍ ജലവിതരണത്തില്‍ തടസ്സം സൃഷ്ടിച്ച പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഏകദേശം പൂര്‍ത്തിയാക്കിയതായി മേയര്‍ ജ്യോതി ഗോണ്ടെക്ക് അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള അപ്‌ഡേറ്റിലാണ് മേയര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജലവിതരണ സംവിധാനത്തില്‍ അഞ്ചോളം സ്ഥലങ്ങളില്‍ തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ഗോണ്ടെക് കൂട്ടിച്ചേര്‍ത്തു. 

ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണെന്നും ജലവിതരണം സാധാരണ നിലയിലേക്ക് എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രി റോബോട്ട് തകരാര്‍ വിലയിരുത്തിയ പൈപ്പിന്റെ 300 മീറ്റര്‍ ഭാഗത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയതായും മേയര്‍ ചൂണ്ടിക്കാട്ടി. 

സാന്‍ ഡിയാഗോ സിറ്റിയില്‍ നിന്ന് തകരാറിലായ പൈപ്പിന് പകരം പൈപ്പ് എത്തിച്ചു. ഇത് ഫീഡര്‍ മെയിന്‍ പൈപ്പിന്റെ ഭാഗമായി ഉപയോഗിക്കും. അറ്റകുറ്റപ്പണികള്‍ക്ക് സഹായിക്കാന്‍ മറ്റ് രണ്ട് മുനിസിപ്പാലിറ്റികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും കാല്‍ഗറി സിറ്റി അറിയിച്ചു. നിലവിലുള്ള അറ്റകുറ്റപ്പണികള്‍ തിങ്കളാഴ്ച ആരംഭിക്കും. ജീവനക്കാര്‍ 24 മണിക്കൂര്‍ ഇതിനായി പ്രവര്‍ത്തിക്കും. 

പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിന് വൈദഗ്ധ്യമുള്ള ആറ് പ്രൈവറ്റ് കോണ്‍ട്രാക്റ്റര്‍മാരുമായി കൂടിയാലോചിക്കുന്നുണ്ടെന്നും ഗോണ്ടെക്ക് അറിയിച്ചു. പണികള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മുതല്‍ അഞ്ച് വരെ ആഴ്ച കൂടി എടുത്തേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.