സൗത്ത്ഈസ്റ്റ് എഡ്മന്റണില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി എഡ്മന്റണ്‍ പോലീസ്. വ്യാഴാഴ്ച രാത്രി 7.30 ഓടെ 55 സ്ട്രീറ്റിനടുത്തുള്ള 38 അവന്യുവിലാണ് സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ സ്പ്രിന്റര്‍ സ്റ്റൈല്‍ കാര്‍ഗോ വാനിലെത്തിയ രണ്ട് സ്ത്രീകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
സ്ത്രീകളിലൊരാള്‍ വാനില്‍ നിന്നും ഇറങ്ങി കുട്ടിയോട് വാഹനത്തിലേക്ക് കയറാന്‍ നിര്‍ബന്ധിച്ചു. പരിഭ്രാന്തനായ കുട്ടി ഉടന്‍ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആമസോണ്‍ ഡെലിവറി ഡ്രൈവര്‍മാര്‍ ഓടിക്കുന്നതുപോലെയുള്ള ചാരനിറത്തിലുള്ള സ്പ്രിന്റര്‍ കാര്‍ഗോ വാനിലാണ് സ്ത്രീകളെത്തിയത്. സ്ത്രീകള്‍ക്ക് 30 വയസ്സ് തോന്നിക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചോ വാനിനെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 780-423-4567 എന്ന നമ്പറില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.