ക്യുബെക്കില്‍ ഇനി രാഷ്ട്രീയ പ്രവര്‍ത്തകരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവര്‍ക്ക് 1500 ഡോളര്‍ വരെ പിഴ ചുമത്തും. പുതിയ നിയമം ക്യുബെക്ക് നിയമസഭ അംഗീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേകിച്ച് മുനിസിപ്പല്‍ തലത്തില്‍ രാജിവെച്ചൊഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം അവതരിപ്പിച്ചത്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങളും ഭീഷണികളും തടയുന്നതിന് നിയമം ആവശ്യമാണെന്ന് കോലിഷന്‍ അവെനീര്‍ ക്യുബെക്ക് സര്‍ക്കാര്‍ നിയമം അംഗീകരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം ഭീഷണിപ്പെടുത്തുന്നതായി വിമര്‍ശകര്‍ പ്രതികരിച്ചു.
ക്യുബെക്ക് മുനിസിപ്പാലിറ്റികളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടന തെരഞ്ഞെടുക്കപ്പെട്ട 74 ശതമാനം മുനിസിപ്പല്‍ പ്രവര്‍ത്തകകരും പീഡനവും ഭീഷണിയും അനുഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 ല്‍ പ്രവിശ്യയിലുടനീളം തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം 8,000 പേരില്‍ 741 പേര്‍ രാജിവെച്ചതായി സൂചിപ്പിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമനിര്‍മാണം അവതരിപ്പിച്ചത്.
പിഴയ്ക്ക് പുറമെ, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന പൗരനെതിരെ സുപ്പീരിയര്‍ കോടതിയില്‍ നിരോധന ഉത്തരവിനും നിയമം അനുവദിക്കും.