ജൂണ്‍ 1 മുതല്‍, പ്രവിശ്യയുടെ മിനിമം വേതനം മണിക്കൂറിന് 16.75 ഡോളറില്‍ നിന്ന് 17.40 ഡോളറായി ഉയര്‍ന്നു. അതേസമയം, മെട്രോ വാന്‍കുവറില്‍ ലിവിംഗ് വേജ് മണിക്കൂറിന് 25 ഡോളറിലധികമാണ്. അതിനാല്‍ പ്രവിശ്യയില്‍ മിനിമം വേതന വര്‍ധന പര്യാപ്തമല്ലെന്നാണ് ചില അഡ്വക്കേറ്റുകളുടെ അഭിപ്രായം. ബീസി സര്‍ക്കാര്‍ മിനിമം വേതനം മണിക്കൂറിന് 20 ഡോളറായി ഉയര്‍ത്തണമെന്നാണ് ലിവിംഗ് വേജ് ഫോര്‍ ഫാമിലീസ് പ്രൊവിന്‍ഷ്യല്‍ മാനേജര്‍ അനസ്താസിയ ഫ്രഞ്ച് ആവശ്യപ്പെടുന്നത്.
ഭവന, ഭക്ഷണ ചെലവുകള്‍ അതിവേഗം കുതിച്ചുയരുകയാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബങ്ങള്‍ക്ക് നിലവിലെ മിനിമം വേതനത്തിലെ വര്‍ധനവ് ചെറുതാണെന്ന് ഫ്രഞ്ച് പറഞ്ഞു. മിനിമം വേതനവും ലിവിംഗ് വേജും തമ്മിലുള്ള എട്ട് ഡോളറിന്റെ വ്യത്യാസം കുടുംബങ്ങളെ കഷ്ടപ്പെടുത്തുന്നുവെന്ന് ഫ്രഞ്ച് പറയുന്നു.
അതേസമയം, ബിസിയിലെ മിനിമം വേതനം പൊതുവിലക്കയറ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഭാവിയില്‍ വര്‍ധനവ് കാണാമെന്നും തൊഴില്‍മന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചു.