കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്കിലേക്ക്; അതിര്‍ത്തി വഴിയുള്ള യാത്രകള്‍ക്ക് കാലതാമസം നേരിടും 

By: 600002 On: Jun 3, 2024, 11:58 AM

 


കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയിലെ ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡര്‍ ഗാര്‍ഡുകള്‍ ഉള്‍പ്പെടെ സിബിഎസ്എയ്ക്കായി പ്രവര്‍ത്തിക്കുന്ന 9,000 ത്തിലധികം പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡ അംഗങ്ങള്‍ സമരത്തിനായി സ്‌ട്രൈക്ക് മാന്‍ഡേറ്റ് നേടിയിട്ടുണ്ട്. ജൂണ്‍ 3 ന് നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം യൂണിയന്‍ ജൂണ്‍ 6 ന് പണിമുടക്കിലേക്ക് തിരിയും. 

സിബിഎസ്എ ജീവനക്കാര്‍ക്ക് മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി തുല്യത വേതനം നല്‍കണമെന്നാണാവശ്യം.  ഫസ്റ്റ് ലെവല്‍ ആര്‍സിഎംപി കോണ്‍സ്റ്റബിള്‍മാര്‍ക്ക് നല്‍കുന്ന വേതനം പോലും ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് യൂണിയന്‍ പറയുന്നു. സിബിഎസ്എയ്ക്ക് ആയിരക്കണക്കിന് ഓഫീസര്‍മാരുടെ കുറവുണ്ട്. എന്നാല്‍ കരാര്‍ ജീവനക്കാരല്ല, സ്ഥിരം ജീവനക്കാരാണ് വേണ്ടതെന്നും യൂണിയന്‍ പറയുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, മറ്റ് പരിരക്ഷകള്‍ എന്നിവ സംബന്ധിച്ചും പ്രശ്‌നങ്ങളുണ്ട്. 

എന്നാല്‍ സമരം രാജ്യത്താകമാനം സാരമായി ബാധിക്കും. അതിര്‍ത്തി കടന്നുള്ള വാണിജ്യ ഗതാഗതം സ്തംഭിക്കും. വിമാനത്താവളങ്ങള്‍ രാജ്യാതിര്‍ത്തികള്‍ എന്നിവടങ്ങളില്‍ വലിയ കാലതാമസമുണ്ടാക്കുമെന്നും ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഫ്രണ്ട് ലൈന്‍ ബോര്‍ഡര്‍ ഓഫീസര്‍മാരില്‍ 90 ശതമാനവും അത്യന്താപേക്ഷിതമായി നിയോഗിക്കപ്പെട്ടവരാണ്. അതിനാല്‍ അവര്‍ക്ക് പണിമുടക്കില്‍ പൂര്‍ണമായി പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ജോലി ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ലെന്നും ട്രഷറി ബോര്‍ഡ് പറയുന്നു.