വേനല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ സ്‌കിന്‍ ക്യാന്‍സര്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുകയാണ്. കാനഡയിലുടനീളം സ്‌കിന്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെലനോമ നിരക്ക് വര്‍ധിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പ്രത്യേകിച്ച് പുരുഷന്മാരിലാണ് അര്‍ബുദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റിയിലെ എപ്പിഡെമോളജിസ്റ്റ് ഇയോന നിക്കോള വിശദീകരിച്ചു.
സമ്മര്‍ സീസണില്‍ വെയില്‍ കൊള്ളുന്നവരില്‍ ത്വക്കുകള്‍ക്ക് അപകടസാധ്യത കൂടുതലാണ്. ചൂടില്‍ നിന്നും വെയിലില്‍ നിന്നും രക്ഷനേടാന്‍ തൊപ്പിയും സണ്‍ഗ്ലാസുകളും അനുയോജ്യമായ വസ്ത്രങ്ങളും ധരിക്കുന്നവരും സണ്‍സ്‌ക്രീന്‍ പുരട്ടുന്നവരുമാണ് അധികവും. എന്നാല്‍ ഇതൊന്നും ചെയ്യാതെ വെയിലില്‍ ഇറങ്ങുന്നവരുമുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ഇയോന പറയുന്നു.
ഏറ്റവും മാരകമായ ത്വക്ക് അര്‍ബുദമാണ് മെലനോമ. കാനഡയിലെ മെലനോമ കേസുകളില്‍ 65 ശതമാനവും അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ കൂടുതലായി ഏല്‍ക്കുന്നത് കൊണ്ടാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
നേരത്തെയുള്ള രേഗനിര്‍ണം, ഫലപ്രദമായ ചികിത്സകള്‍, സൂര്യാഘാതത്തെക്കുറിച്ച് ആളുകള്‍ക്ക് നല്‍കുന്ന ബോധവത്കരണം തുടങ്ങിയവ വഴി ഒരു പരിധി വരെ സ്‌കിന്‍ കാന്‍സര്‍ തടയാന്‍ സാധിക്കുമെന്ന് ഇയോന നിക്കോള ചൂണ്ടിക്കാട്ടി.
ചര്‍മത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും കാന്‍സര്‍ ഇന്‍ഫര്‍മേഷന്‍ ഹെല്‍പ്പ്‌ലൈനായ 1-888-939-3333 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും അവര്‍ അറിയിച്ചു.