വാങ്ങിയത് 1995 ല്‍, ഇപ്പോഴും കേടുകൂടാതിരിക്കുന്ന മക്‌ഡൊണാൾഡ് ബർഗർ

By: 600007 On: May 27, 2024, 6:36 AM

 

ദീര്‍ഘകാലം കേടുകൂടാതെ നില്‍ക്കുന്ന ബര്‍ഗറുകള്‍ക്ക് പ്രസിദ്ധമാണ് മക്ഡൊണാൾഡിന്‍റെ ക്വാർട്ടർ പൗണ്ടർ ബർഗറുകള്‍. എങ്കിലും ഒരു ചീസ് അടങ്ങിയ ബർഗർ എത്രകാലം കേടുകൂടാതെ നില്‍ക്കും?  ഒരാഴ്ച, ഒരു മാസം, രണ്ട് മാസം....? നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. 30 വര്‍ഷം വരെ എന്നാണ് മക്ഡൊണാള്‍ഡിന്‍റ വെളിപ്പെടുത്തല്‍. അമേരിക്ക, ബില്‍ ക്ലിന്‍റണ്‍ ഭരിക്കുന്ന കാലത്ത്, അതായത് 1995 ല്‍ - ഓസ്‌ട്രേലിയക്കാരായ കേസി ഡീൻ, എഡ്വേർഡ്‌സ് നിറ്റ്‌സും അഡ്‌ലെയ്ഡിലെ മക്‌ഡൊണാൾഡ്‌സിന്‍റെ കടയില്‍ നിന്നും വാങ്ങിയ ഒരു ചീസ് അടങ്ങിയ ക്വാർട്ടർ പൗണ്ടർ ഇനിയും നശിക്കാതെ നില്‍ക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഈ ബര്‍ഗർ ഇതുവരെ അഴുകുന്നതിന്‍റെ ലക്ഷണമെന്നും കാട്ടിത്തുടങ്ങിയിട്ടില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

“കൗമാരക്കാരായതിനാൽ അന്ന് ഞങ്ങൾ ഒരുപാട് ഭക്ഷണം ഓർഡർ ചെയ്തു, അത് വളരെ കൂടുതലായിരുന്നു. അത് ഒരു ചിരി പരമ്പരയ്ക്ക് തന്നെ തുടക്കമിട്ടു, ഞങ്ങള്‍ അത് എന്നെന്നേക്കുമായി സൂക്ഷിക്കുകയാണെങ്കില്‍..."  ഡീന്‍ എഎഫ്പിയോട് പറഞ്ഞു. ഒടുവില്‍ ഇരുവരും ബര്‍ഗര്‍ എന്നന്നേക്കുമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. അതിനെ അവരിരുവരും "തങ്ങളുടെ ഇണ" (mate) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ന് 'മക്‍ഫോസില്‍' എന്ന് വിളിക്കപ്പെടുന്ന ബര്‍ഗര്‍ ഇപ്പോഴും സുരക്ഷിതമായിരിക്കുന്നു. ബര്‍ഗറില്‍ സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയോ ദുര്‍ഗന്ധത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. അതേസമയം അത് സാധാരണയില്‍ നിന്നും അല്പം ചുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.